തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരണമടഞ്ഞ അപകടത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അപകടത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബാലുവിന്റെ പിതാവ് സി.കെ. ഉണ്ണി നൽകിയ പരാതിയെ തുടർന്നാണിത്. കൊല്ലംവരെ കാറോടിച്ച അർജുനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാൾ പ്രതിയായ പാലക്കാട്ടെ രണ്ട് കേസുകളുടെ വിവരങ്ങൾ തേടിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാർ പറഞ്ഞു. സി.കെ.ഉണ്ണിയുടെ മൊഴിയെടുത്ത ശേഷം കൂടുതൽ പേർക്ക് ചോദ്യംചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകും.
ബാലുവുമായി പത്തുവർഷത്തോളം സാമ്പത്തിക ഇടപാട് ഉണ്ടെന്നാരോപിക്കുന്ന പാലക്കാട്ടെ ആയുർവേദ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്യും. ആർക്കെങ്കിലും ബാലു പണം കടം കൊടുത്തിരുന്നോയെന്നും അന്വേഷിക്കും. ബാലഭാസ്കറിന്റെ നിക്ഷേപങ്ങളും സ്വത്തുവകകളും പരിശോധിക്കും. ഡോക്ടറുടെ ബന്ധുവാണ് ഡ്രൈവർ അർജുനെന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്.
സെപ്തംബർ 24ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്‌കർ ആയിരുന്നെന്നാണ് പ്രദേശവാസികളുടേതടക്കം അഞ്ച് സാക്ഷിമൊഴികൾ. പൊന്നാനിക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറാണ് ആദ്യമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഇദ്ദേഹവും സമാനമൊഴിയാണ് നൽകിയത്.