pk-sasi

തിരുവനന്തപുരം: ലൈംഗിക പീഡന പരാതികളുയർന്നപ്പോൾ സംസ്ഥാനകമ്മിറ്റി അംഗങ്ങളെവരെ പുറത്താക്കാൻ മടിച്ചിട്ടില്ലാത്ത സി.പി.എം നേതൃത്വം പക്ഷേ പി.കെ. ശശിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്ന പ്രതീതിയാണ് പുറത്ത്. കരുതലോടെയും തന്ത്രപരമായും നീങ്ങാൻ നിർബന്ധിതരായ സി.പി.എം നേത‌‌ൃത്വം, പഴുതടച്ചുള്ള വിധിനിർണയത്തിൽ അവസാനമെത്തിച്ചേർന്നുവെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ വിശ്വാസമർപ്പിച്ച് അവസാനം വരെയും കാത്തുനിന്ന പരാതിക്കാരിയെ തൃപ്തിപ്പെടുത്തുന്നതാണ് നടപടി. ഇതിലേക്കെത്താനുള്ള നീക്കം കരുതലോടെയാവാനുള്ള കാരണം ശശി സിറ്റിംഗ് എം.എൽ.എയെന്നതായിരുന്നു. ഒരു സിറ്റിംഗ് എം.എൽ.എ ഇത്തരത്തിൽ ആരോപണം നേരിട്ട കീഴ്വഴക്കം സി.പി.എമ്മിൽ മുമ്പുണ്ടായിട്ടില്ല.

ഇത്തരം ആരോപണങ്ങളിൽ എത്ര ഉന്നതനായാലും വിട്ടുവീഴ്ചയില്ലാത്ത തീരുമാനമെടുത്ത അനുഭവമാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയുടെയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിന്റെയും കാര്യത്തിൽ കണ്ടത്. അതുകൊണ്ടുതന്നെ ഒരു പിറകോട്ട് പോക്ക് ശശിയുടെ കാര്യത്തിലും പ്രതീക്ഷിക്കാനാകുമായിരുന്നില്ല. പക്ഷേ, പുറത്താക്കൽ എന്നത് എം.എൽ.എ പദവിയെ ബാധിക്കുമോയെന്ന ശങ്ക അലട്ടിയതും പാലക്കാട്ടെ ഉൾപ്പാർട്ടി പോരിന് പുതിയ മാനം പകരുന്ന ചർച്ചകൾ കൊഴുത്തതുമെല്ലാം ശശിയുടെ കേസിൽ സ്വാധീനഘടകങ്ങളായി.

പല വട്ടം നീട്ടിവച്ച നടപടി പ്രഖ്യാപിച്ചത് നിയമസഭാസമ്മേളനത്തിന് തൊട്ടുമുമ്പായെന്നത് ശ്രദ്ധേയമാണ്. നിയമസഭാസമ്മേളനത്തിൽ സ്വാഭാവികമായും ശശിക്ക് ഇന്ന് മുതൽ പങ്കെടുക്കേണ്ടതായി വരും. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നേരിടുക വെല്ലുവിളിയാകുമായിരുന്നു. എന്നാൽ സസ്പെൻഷൻ തീരുമാനിച്ചതോടെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനായേക്കും. സമാന ആരോപണങ്ങളിൽ കോൺഗ്രസ് എം.എൽ.എയ്ക്കെതിരെയും എ.ഐ.സി.സി ജനറൽസെക്രട്ടറിയായ എം.പിക്കെതിരെയും എന്ത് നടപടിയെടുത്തെന്ന ചോദ്യം അവരെ തിരിഞ്ഞുകുത്തിക്കൂടെന്നില്ല.

യുവതിയെ വിശ്വാസത്തിലെടുത്താണ് കമ്മിഷൻ മുന്നോട്ട് നീങ്ങിയത്. പ്രത്യേകിച്ച് പൊലീസിൽ പരാതി നൽകാൻ തയ്യാറാകാതെ അവർ നിൽക്കുമ്പോൾ.സി.പി.എമ്മിന്റെ യശസ്സിന് പൊതുസമൂഹത്തിൽ മങ്ങലേല്പിക്കുന്ന നിലപാടില്ലെന്ന കർക്കശ നിലപാട് കേന്ദ്രനേതൃത്വത്തിൽ നിന്ന് തുടക്കത്തിലേ ഉണ്ടായതും മുൻകാല കീഴ്‌വഴക്കങ്ങളും കണക്കിലെടുത്താണ് നടപടി തീരുമാനിച്ചത്. നടപടി ശുപാർശ ചെയ്തിട്ടില്ലാത്ത കമ്മിഷൻ റിപ്പോർട്ടിന് അപ്പുറത്തേക്ക് കടന്നുള്ള നടപടിയാണുണ്ടായതെന്ന വിലയിരുത്തൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളിൽ പോലുമുണ്ട്.

യുവതി നിയമനടപടികളിലേക്ക് നീങ്ങിയാലും പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് കൈകഴുകാൻ സസ്പെൻഷൻ തീരുമാനത്തിലൂടെ സാധിക്കുമെന്നുമുണ്ട്. അതിനാൽ ഇരുതലമൂർച്ചയുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടാം. പാർട്ടി നടപടി ശരിവച്ച സ്ഥിതിക്ക് പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.