തിരുവനന്തപുരം: കേരളീയ വാഗേയകാരന്മാരുടെ കൃതികളുടെ പ്രചാരണാർത്ഥം മലയാളത്തിലെ സംഗീത പ്രതിഭകളുടെ കൃതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഗാനകൈരളി സംഗീതോത്സവം മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പൈതൃകവും വിശ്വാസങ്ങളും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ അത് നമ്മുടെ സ്വത്വമാണെന്ന് ഉൾക്കൊള്ളണമെന്ന് തോമസ് ഐസക് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. ഡോ. കെ. ഓമനക്കുട്ടി,​ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പത്മജ രാധാകൃഷ്ണൻ, പ്രൊഫ. കെ.ആർ. ശ്യാമ എന്നിവർ സംസാരിച്ചു. 30 വരെ തൈക്കാട് ഭാരത് ഭവനിലും ഡിസംബർ 9 ന് ആലപ്പുഴ ശ്രീകുമാർ ഫൗണ്ടേഷൻ ഹാളിലും നടക്കുന്ന കച്ചേരി നിശ സംഗീത ഭാരതിയും ഭാരത് ഭവനും ചേർന്നാണ് ഒരുക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 മണി വരെ നടക്കുന്ന സംഗീതക്കച്ചേരി നിശയിലേക്കുള്ള പ്രവേശനം സൗജന്യം.