sivagiri-smadhi-photo-

ശിവഗിരി: നൂറു വർഷം മുമ്പ് ശ്രീനാരായണ ഗുരുദേവന്റെ തൃപ്പാദങ്ങൾ പതിഞ്ഞ മണ്ണിലൂടെ ഗുരുപരമ്പരയിലെ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിലുളള ശിവഗിരി സംഘം ശ്രീലങ്കയിലെ കൊളംബോയിൽ നിന്നു മുന്നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്ത് കാന്റിയിലെ ബുദ്ധക്ഷേത്രം സന്ദർശിച്ചു. ഇവിടെയാണ് ശ്രീബുദ്ധന്റെ ദിവ്യദന്തം സൂക്ഷിച്ചിട്ടുളളത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമിസാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിലുളള സംഘത്തെ ബുദ്ധഭിക്ഷുക്കളടക്കമുളളവർ യഥോചിതം സ്വീകരിച്ചു.

1918 നവംബറിലെ ആദ്യ സിലോൺ സന്ദർശന വേളയിൽ ശ്രീബുദ്ധന്റെ പുനരവതാരമായാണ് ബുദ്ധഭിക്ഷുക്കളടക്കമുളളവർ ഗുരുദേവനെ വിശേഷിപ്പിച്ചത്. തലൈമന്നാർ മുനമ്പ്, മർദാന റെയിൽവെ സ്റ്റേഷൻ, കൊളംബോയിലെ ശ്രീനാരായണ സൊസൈറ്റി മന്ദിരം, തുറമുഖത്തിനടുത്തുള്ള സിനമൺ ഗാർഡൻ ബംഗ്ലാവ് തുടങ്ങി ഗുരുദേവന്റെ പാദങ്ങൾ പതിഞ്ഞ സ്ഥലങ്ങൾ ശ്രീലങ്കയിൽ അനവധിയാണ്. കൊളംബിലെ ബ്രഹ്മവിദ്യാസംഘം അദ്ധ്യക്ഷ ഹിഗിൾസ് മദാമ ഉൾപെടെയുളള പ്രമുഖർ ഗുരുദേവനെ അവരവരുടെ വാസസ്ഥലങ്ങളിൽ ക്ഷണിച്ചു കൊണ്ടുപോയി പാദകാണിക്ക സമർപ്പിക്കുകയും ഗുരുപൂജ നടത്തുകയും ചെയ്തിരുന്നു.തമിഴിലും സംസ്കൃതത്തിലുമായിരുന്നു അവരോടെല്ലാം ഗുരുദേവൻ സംസാരിച്ചത്.

ഒരു നൂറ്റാണ്ടിനു ശേഷം പിന്മുറക്കാർ സ്നേഹാദരങ്ങളോടെയാണ് ശിവഗിരിയിൽ നിന്നുളള ഗുരുശിഷ്യസംഘത്തെ വരവേറ്റത്. അവിസ്മരണീയമാണ് ഈ യാത്രയെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ഗുരുസന്ദർശനത്തിന്റെ ശതാബ്ദി സ്മരണയിൽ ഗുരുവിന്റെ പുണ്യപാദങ്ങൾ പതിഞ്ഞ മണ്ണിലൂടെയായിരുന്നു ശിഷ്യസംഘത്തിന്റെയും ശ്രീലങ്കൻയാത്ര.