parassala

പാറശാല: എച്ച് 1 എൻ 1 പനി ബാധിച്ച് പൊഴിയൂരിൽ ഒരാൾ മരിച്ചു. പൊഴിയൂർ പുല്ലുവറ്റിയിൽ മത്സ്യത്തൊഴിലാളിയായ ക്രിസ്‌തുദാസൻ (58) ആണ് മരിച്ചത്. പാറശാലയിൽ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയോളം ചികിത്സയിലായിരുന്ന ക്രിസ്‌തുദാസനെ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

എച്ച് 1 എൻ 1 ആണെന്ന് അറിഞ്ഞിട്ടും രോഗിയെ അടിയന്തിര ചികിത്സകൾക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ ആശുപത്രി അധികൃതർ തടസം നിന്നതായി ബന്ധുക്കളും പാറശാല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജോൺ ബോസ്കോയും ആരോപിച്ചു.

സംസ്‌കാരം ഇന്ന് രാവിലെ 8 ന് കൊല്ലങ്കോട് സെന്റ് മാത്യൂസ് ചർച്ചിൽ നടക്കും. കുളത്തൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗം രമണിയാണ് ഭാര്യ. മക്കൾ: ചിഞ്ചുദാസ്, രഞ്ചുദാസ്, ലിൻചുദാസ്. മരുമകൾ: വിനീത. മരണാനന്തര കർമ്മങ്ങൾ വെള്ളിയാഴ്‌ച വൈകുന്നേരം 3 ന് പൊഴിയൂർ സെന്റ് മാത്യൂസ് ദേവാലയത്തിൽ നടക്കും.