jj

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ കിണവൂർ വാർഡിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്. മൂന്ന് സ്ഥാനാർത്ഥികളും മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കി. പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി വരണാധികാരിയായ ജില്ല പ്ലാനിംഗ് ഓഫീസർ ബിജു അറിയിച്ചു. കെ.സി. വിമൽകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് കിണവൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മൂന്ന് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മൂന്ന് മുന്നണികളും പ്രഖ്യാപിച്ചതോടെ വീറും വാശിയുമുള്ള പോരാട്ടമാണ് നടക്കുന്നത്. 2010ൽ കോർപറേഷനോട് കൂട്ടിച്ചേർത്ത ശേഷം നടത്തിയ രണ്ട് തിരഞ്ഞെടുപ്പിലും വാർഡ് യു.ഡി.എഫിനൊപ്പമായിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് ഇപ്പോഴും യു.ഡി.എഫ്. കഴിഞ്ഞ തവണ 126 വോട്ടിന്റെ വ്യത്യാസത്തിൽ നഷ്ടമായ സീറ്റ് പിടിച്ചെടുക്കാനുളള ശ്രമത്തിലാണ് ഇടതുമുന്നണി. അതേസമയം, രണ്ടു മുന്നണികളെയും പിന്നിലാക്കി ഇക്കുറി വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം വിമതനായി മത്സരിച്ച കെ. ഷീലാസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രണ്ടാം സ്ഥാനം നേടിയ ഷീലാസ് വിമതനായി മത്സരിക്കുമ്പോൾ സി.പി.എം മുണ്ടൈക്കോണം ബ്രാഞ്ച് സെക്രട്ടറിയും നാലാഞ്ചിറ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. വർഷങ്ങൾ നീണ്ട പാർട്ടി ബന്ധം ഉപേക്ഷിച്ചാണ് ഷീലാസ് കോൺഗ്രസ് അംഗത്വം നേടിയത്. ഡി.വൈ.എഫ്.ഐ നാലാഞ്ചിറ മേഖല പ്രസിഡന്റ് എം.അരുണാണ് സി.പി.എം സ്ഥാനാർത്ഥി. പാർട്ടി പ്രവർത്തകനായ എ.സനൽകുമാറിനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്.