പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനം തിട്ട ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. സുരേന്ദ്രന് വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ കെ.രാംകുമാറിന്റെ നേതൃത്വത്തിൽ പരിചയ സമ്പന്നരായ അഭിഭാഷകരെ അണിനിരത്താനാണ് ബി.ജെ.പി നീക്കം. ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ നിലയ്ക്കലിൽ നിന്ന് 17ന് കസ്റ്റഡിയിലെടുത്ത സുരേന്ദ്രന് കോടതി ജാമ്യം നൽകിയിരുന്നെങ്കിലും ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്തിലേക്ക് വന്ന 52 കാരിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിചേർത്തതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഈ കേസിൽ നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ജാമ്യത്തിനായി സുരേന്ദ്രൻ പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിച്ചത്.
ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന സുരേന്ദ്രനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവായിട്ടുണ്ട്. ഇന്നലെ കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രന് രണ്ട് ഡിവൈ. എസ്. പിമാരെ ഫേസ് ബുക്കിലൂടെ ഭീഷണിപ്പെടുത്തി എന്ന കേസിൽ ജാമ്യം ലഭിച്ചിരുന്നു. കണ്ണൂരിൽ നിന്ന് തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയ സുരേന്ദ്രനെ ഇന്ന് കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടുവരും. തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. .