കോട്ടയം: അമ്പലത്തിൽ നിന്ന് മടങ്ങുകയായിരുന്ന വൈക്കം നഗരസഭാ ഉപാധ്യക്ഷ എസ്. ഇന്ദിരാദേവിക്ക് നഷ്ടമായത് രണ്ടു പവന്റെ മാല. ബൈക്കിലെത്തിയ സംഘം ഇരുട്ടിന്റെ മറവിൽ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകിട്ട് ദളവാക്കുളം ബസ് സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിലായിരുന്നു സംഭവം.
ക്ഷേത്രത്തിൽ പോയി മടങ്ങി വരികയായിരുന്ന ഇന്ദിരാദേവിയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ ഇവരെ മറികടന്ന് കുറച്ചു ദൂരം മുന്നോട്ട് പോയശേഷം പെട്ടെന്ന് തിരികെ വന്ന് മാലപൊട്ടിച്ചെടുക്കുകയായിരുന്നു. ബൈക്കിലെത്തിയവർ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാനായില്ല. തെരുവ് വിളക്കു കത്താത്തിനാൽ ബൈക്കിന്റെ നമ്പരും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ദിരാദേവി വൈക്കം പൊലീസിൽ പരാതി നല്കി.