east-fort-

കിഴക്കേകോട്ടയിൽ വീണ്ടും ഒരു അപകടം ഉണ്ടായി 69 വയസുള്ള സ്‌ത്രീ അതിദാരുണമായി കൊല്ലപ്പെട്ടു. ഈ അപകടങ്ങൾക്ക് അറുതി വരുത്തുന്നതിനായി പല നിർദ്ദേശങ്ങളും പൊതുജനങ്ങൾ കാലാകാലങ്ങളായി ആവശ്യപ്പെട്ട കാര്യങ്ങൾ പലതും നടപ്പിലാക്കിയിട്ടില്ല. അതിൽ അത്യാവശ്യമായി വേണ്ടത് മേൽപ്പാലം തന്നെയാണ്. പക്ഷേ അത് നടപ്പിലാക്കുന്നതിന് മേൽപ്പാലം വേണോ, അതോ ഭൂഗർഭ പാതയാണോ വേണ്ടത്, അതും എത്ര എണ്ണം വേണമെന്ന കാര്യങ്ങളിൽ ഒരു തീരുമാനമെടുക്കാതെ താമസിപ്പിച്ചുകൊണ്ടു പോകുന്നതായിട്ടാണ് കാണുന്നത്. ഇതിന് ഉടനെ തന്നെ ഒരു പരിഹാരം കാണാൻ ആഗ്രഹിക്കുന്നു.

കൂടാതെ കിഴക്കേകോട്ടയിലെ തിരക്ക് കുറയ്ക്കുന്നതിന് മറ്റു കാര്യങ്ങളും ആലോചനാ വിഷയമാക്കണം. എല്ലാ ബസുകളും കിഴക്കേകോട്ടയിൽ നിന്ന് തന്നെ ആരംഭിക്കണമെന്ന നിലപാടിൽ മാറ്റം വരുത്തണം. നഗരത്തിലുള്ള മറ്റ് ബസ് സ്റ്റേഷനുകളും പൂർണ രൂപത്തിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ കിഴക്കേകോട്ടയിലെ തിരക്ക് ഒഴിഞ്ഞുകിട്ടും. പ്രൈവറ്റ് ബസുകൾക്ക് മാത്രമായി ഒരു പ്രത്യേക ബസ് സ്റ്റേഷന് സ്ഥലം കാണുന്നത് നന്നായിരിക്കും. ഈഞ്ചയ്ക്കൽ, വേൾഡ് മാർക്കറ്റ് എന്നീ സ്ഥലങ്ങളിൽ ബസ് സ്റ്റേഷനുകൾ ആരംഭിക്കാൻ സർക്കാർ നടപടികൾ തുടങ്ങിയെങ്കിലും നടപ്പിലാക്കി കണ്ടില്ല. ഇവ നടപ്പിലാക്കാൻ വേണ്ടുന്ന സാമ്പത്തികം ഇപ്പോൾ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്ക് വഹിക്കാൻ കഴിയുകയില്ലാ എന്ന കാരണം പറഞ്ഞ് സർക്കാരിന് ഇതിൽ നിന്ന് മാറിനിൽക്കാൻ കഴിയുകയില്ല. ജനങ്ങളുടെ പൊതുവായ സേവന കാര്യങ്ങൾ നടത്തിക്കൊടുക്കാൻ സർക്കാർ മുൻകൈ എടുക്കണം.

എൻ. ശശിധരൻ

കേശവദാസപുരം