തിരുവനന്തപുരം : ശബരിമല വിവാദത്തിൽ ബി.ജെ.പിയെ വളർത്താനാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നതെന്നും ഇത് നിയമസഭയിൽ തുറന്നുകാട്ടണമെന്നും കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ പൊതുവികാരം. സഭയിൽ ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമല വിഷയം ശക്തമായി ഉയർത്തും.
വിധി നടപ്പാക്കുന്നതിൽ വി.ഡി. സതീശനും വി.ടി. ബൽറാമും അടക്കമുള്ളവർക്ക് വിയോജിപ്പുണ്ടെങ്കിലും, ബി.ജെ.പിയെ വളർത്താനുള്ള നീക്കം തുറന്നുകാട്ടണമെന്ന നിലപാടിനോട് ഇവരും യോജിച്ചെന്നാണറിവ്. ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലാതിരുന്നിട്ടും അത് നീട്ടുന്നത് ബി.ജെ.പിയെ വളർത്താനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമായാണ്. ശബരിമല വിഷയമാകും പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയമായി ഉന്നയിക്കുക.
വിൻസെന്റിന്റെ സ്വകാര്യബിൽ നിരസിച്ചു
ശബരിമല യുവതീപ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അവിടത്തെ ആചാരാനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കണമെന്നും അയ്യപ്പഭക്തരെ മതവിഭാഗമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം എം. വിൻസെന്റ് നോട്ടീസ് നൽകിയ സ്വകാര്യ ബില്ലിന് സഭയിൽ അവതരണാനുമതി ലഭിച്ചില്ല. ബില്ലിലെ വ്യവസ്ഥകൾ
ഭരണഘടനാവിരുദ്ധമാണെന്നും അതിനാൽ നിയമപരമല്ലെന്നുമുള്ള നിയമവകുപ്പിന്റെ അഭിപ്രായം പരിഗണിച്ചാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. ശബരിമല വിഷയത്തിൽ യു.ഡി.എഫ് വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിക്കാൻ കൂടിയാണ് വിൻസെന്റ് ബില്ലിന് അനുമതി തേടിയത്.