പഠനകാലത്തുതന്നെ കുട്ടികളുടെ നട്ടെല്ല് വളയുംവിധത്തിലാണ് പുസ്തകഭാരമെന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. പുസ്തകച്ചുമടുമായി വേച്ചുവേച്ചു നടക്കുന്ന എല്ലാ പ്രായത്തിലുമുള്ള സ്കൂൾകുട്ടികൾ രാജ്യത്തെവിടെയും പതിവ് കാഴ്ചയാണ്. പുസ്തകഭാരം കുറയ്ക്കാൻ നടപടി വേണമെന്ന് ഭിഷഗ്വരന്മാർ ഉൾപ്പെടെ വിദഗ്ദ്ധർ പലവുരു ശുപാർശ സമർപ്പിക്കാറുണ്ട്. എന്നാൽ ഭാരം കൂടുന്നതല്ലാതെ ഒട്ടും കുറയാറില്ല.
ഇക്കഴിഞ്ഞ മേയ് മാസം മദ്രാസ് ഹൈക്കോടതി ഇതു സംബന്ധിച്ച് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കുന്നതിനൊപ്പം സ്കൂൾതലത്തിൽ വരുത്തേണ്ട ഒട്ടേറെ പരിഷ്കാരങ്ങളും വിധിയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രൈമറിതലത്തിൽ ഭാഷയും കണക്കുമല്ലാതെ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്നും ഗൃഹപാഠങ്ങൾ പാടില്ലെന്നും മറ്റും നിർദ്ദേശമുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പൂട്ടിടണമെന്നുവരെ മദ്രാസ് ഹൈക്കോടതി കല്പിച്ചിരുന്നു. ഈ വിധിയുടെ ചുവടു പിടിച്ചാണ് കേന്ദ്ര മാനവശേഷിവകുപ്പ് പഠനഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ ക്ലാസുകളിലെ പുസ്തക സഞ്ചിയുടെ ഭാരം സർക്കാർ നിർദ്ദേശിക്കുന്ന പരിധിക്കപ്പുറം കടക്കരുതെന്നും വ്യക്തമായ മാർഗനിർദ്ദേശമുണ്ട്. ഇതനുസരിച്ച് ഒന്ന്, രണ്ട് ക്ലാസുകാരുടെ പുസ്തകസഞ്ചി ഒന്നരക്കിലോ വരെയേ ആകാവൂ. തുടർന്ന് അഞ്ചാംക്ലാസ് വരെ രണ്ടോ മൂന്നോ കിലോയും ആറ്, ഏഴു ക്ലാസുകളിലേക്ക് നാലുകിലോയും എട്ട്, ഒമ്പത് ക്ലാസുകളിലേക്ക് നാലരക്കിലോയും പത്താം ക്ലാസിലേത് അഞ്ചു കിലോയും ആകാമെന്നാണ് കേന്ദ്രനിർദ്ദേശം. സ്വാശ്രയ, സ്വകാര്യ, എയ്ഡഡ് സ്കൂളുകൾ അടക്കം രാജ്യത്തെ മുഴുവൻ സ്കൂളുകളും ഈ നിർദ്ദേശം പാലിക്കണം.
വലിപ്പമേറിയ ടെക്സ്റ്റ് ബുക്കുകളും അസംഖ്യം നോട്ടുബുക്കുകളും ഭക്ഷണപ്പൊതിയും വെള്ളവും മറ്റ് അനുബന്ധ വസ്തുക്കളും ഉൾപ്പെടെ നിറയെ സാമഗ്രികൾ ഉള്ളതുകൊണ്ടാണ് നിലവിൽ സ്കൂൾ ബാഗിന് എടുത്താൽ പൊങ്ങാത്തത്ര ഭാരമാകുന്നത്. അദ്ധ്യയനം മൂന്നു ടേമുകളായി വിഭജിച്ചിട്ടുള്ള സ്ഥിതിക്ക് ഓരോ ടേമിനും മാത്രമായ പാഠപുസ്തകങ്ങൾ തയ്യാറാക്കിയാൽ പുസ്തകഭാരം ഒരുപരിധി വരെ കുറയ്ക്കാനാകും. പീരിയഡുകൾ കുറച്ച് അദ്ധ്യയന സമയം ക്രമീകരിച്ചാൽ ഒരു ദിവസം കൊണ്ടുപോകേണ്ട പുസ്തകങ്ങളുടെ എണ്ണവും കുറയ്ക്കാം. ഇപ്പോൾ ഏഴും എട്ടും പീരിയഡുകളായിട്ടാണ് പാഠ്യസമയം ക്രമീകരിച്ചിട്ടുള്ളത്. ഒരു ദിവസം ഏഴു പീരിയഡ് ഉണ്ടെങ്കിൽ ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളും അതിന്റെ ഇരട്ടിവരും. എല്ലാദിവസവും ഇത് ചുമക്കേണ്ടിയും വരും. ചില സ്കൂളുകളിൽ സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കാൻ സ്വന്തം നിലയിൽ ചില ക്രമീകരണങ്ങൾ ചെയ്യാറുണ്ട്. ടെക്സ്റ്റ് ബുക്കുകളുടെ ഓരോ പ്രതി സ്ഥിരമായി ക്ലാസ് മുറിയിൽ സൂക്ഷിക്കും. അതുപോലെതന്നെ എന്നും വീട്ടിൽ കൊണ്ടുപോകേണ്ടാത്ത നോട്ട് ബുക്കുകളും ക്ലാസിലാണ് സൂക്ഷിക്കുക. ഇത്തരം പരിഷ്കാരങ്ങൾ പൊതുവായി എല്ലാ സ്കൂളിലും നടപ്പാക്കാവുന്നതേയുള്ളൂ. അദ്ധ്യയന സമ്പ്രദായം വളരെയധികം മാറിക്കഴിഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ ഒരു പാഠപുസ്തകത്തിന് രണ്ടോ മൂന്നോ നോട്ട് ബുക്ക് എന്ന പഴയ രീതി മാറ്റാവുന്നതേയുള്ളൂ. അനാവശ്യ വിഷയങ്ങളും അവയ്ക്കെല്ലാം പാഠപുസ്തകങ്ങളും ഉള്ളതുകൊണ്ടാണ് പുസ്തകസഞ്ചി മുട്ടനാടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ കുട്ടികളുടെ മുതുകിൽ തൂങ്ങിക്കിടക്കുന്നത്.
ഒന്നും രണ്ടും ക്ലാസുകളിൽ ഭാഷയും കണക്കും മാത്രമേ പഠിപ്പിക്കാവൂ എന്ന നിർദ്ദേശം കുട്ടികളുടെ പഠനകാര്യങ്ങളിൽ അതീവ ഉത്കണ്ഠ പുലർത്തുന്ന രക്ഷിതാക്കൾക്കും അദ്ധ്യാപക സമൂഹത്തിനും ദഹിക്കാൻ വിഷമമായിരിക്കും. ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക ശാസ്ത്രവും പോരാതെ കുട്ടികൾ വഴിതെറ്റാതിരിക്കാൻ ഗുണപാഠകഥകൾ വരെ ഉൾപ്പെടുന്നതാണ് സ്വകാര്യ സ്കൂളുകളിലെ പഠന സമ്പ്രദായം. പൊതുവിദ്യാഭ്യാസ മേഖലയിലില്ലാത്ത പലപുസ്തകങ്ങളും അവിടങ്ങളിൽ പഠനവിഷയങ്ങളാണ്. സ്വകാര്യ സ്കൂളുകളും എൻ.സി.ഇ.ആർ.ടി.യുടെ പാഠപുസ്തകങ്ങൾ തന്നെ പഠിപ്പിക്കണമെന്നു നിർദ്ദേശമുള്ളപ്പോഴും സ്വകാര്യ പ്രസിദ്ധീകരണശാലകളുടെ പുസ്തകങ്ങളാണ് അവർക്ക് പഥ്യം. പാഠപുസ്തക വില്പന ലാഭക്കച്ചവടമാക്കി തഴച്ചുവളരുന്ന പ്രസിദ്ധീകരണശാലക്കാർ രാജ്യത്ത് അനവധിയുണ്ട്.
സിലബസ് ലഘൂകരണത്തോടൊപ്പം സ്കൂൾ സഞ്ചിയുടെ ഭാരവും പരിമിതപ്പെടുത്താനുള്ള പുതിയ നിർദ്ദേശം അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പാക്കാനുള്ള നടപടിയാണ് ഇനി വേണ്ടത്. കുട്ടികളെ പഠനത്തിൽ മാത്രം തളച്ചിടുന്ന ഇന്നത്തെ പൊതുവായ രീതി മാറുക തന്നെവേണം. ഒന്നും രണ്ടും ക്ലാസുകളിൽ ഗൃഹപാഠം പാടില്ലെന്നും മൂന്നും നാലും അഞ്ചും ക്ലാസുകളിൽ ഭാഷയ്ക്കും കണക്കിനും പുറമെ പരിസ്ഥിതിശാസ്ത്രവുമാകാമെന്നുമുള്ള നിർദ്ദേശം കർക്കശമായി പാലിക്കപ്പെടണം. സ്കൂളുകളിൽ ഇടയ്ക്കിടെ പരിശോധന നടത്തി ഇത് ഉറപ്പാക്കുകയും വേണം. നിർദ്ദേശം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി എടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി വിധിയിൽ ആവശ്യപ്പെട്ടിരുന്നത്. അത്രത്തോളം പോയില്ലെങ്കിലും കുട്ടികളുടെ നട്ടെല്ലുവളയാത്തവിധം സ്കൂൾ സഞ്ചിയുടെ ഭാരം ക്രമീകരിക്കാൻ കഴിഞ്ഞാൽ തന്നെ വലിയൊരു വിപ്ലവനടപടിയാകും അത്.