തിരുവനന്തപുരം : സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയ ശേഷം മസ്‌തിഷ്‌കമരണം സ്ഥിരീകരിക്കാൻ സ്വകാര്യ ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടമാരും തയാറാകുന്നില്ലെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇത് അവയവദാനത്തിലും ഗണ്യമായ കുറവ് വരുത്തി. മരണം സ്ഥിരീകരിക്കുന്ന സംഘത്തിൽ ഒരു സർക്കാർ ഡോക്ടർ ഉണ്ടായിരിക്കണം, നടപടികൾ വീഡിയോചിത്രീകരിക്കണം എന്നീ നിർദ്ദേശങ്ങൾ നിയമപരമായി പാലിക്കണം. അവയവദാനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്ന ഇത്തരം നടപടികൾ ഡോക്ടർമാർക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു. ഐ.എം.എ സംഘടിപ്പിച്ച ദേശീയ അവയവദാന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മരിച്ചയാളുടെ ബന്ധുക്കൾക്ക് ഭാവിയിൽ ഇതേക്കുറിച്ച് ആശങ്കയുണ്ടാകാതിരിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അവയവദാനത്തെ ഒരുതരത്തിലും ബാധിക്കരുത്. അവയവദാന നടപടികൾ ലഘൂകരിക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എൻ.സുൽഫി ആമുഖപ്രഭാഷണം നടത്തി. മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസ്, ഐ.എം.എ അവയവദാനവിഭാഗം ചെയർമാൻ ഡോ.എസ്.വാസുദേവൻ എന്നിവർ സംസാരിച്ചു.