chief-minister
chief minister

തിരുവനന്തപുരം: പ്രളയ പുനർനിർമ്മാണത്തിന് ഉൗന്നൽ നൽകിക്കൊണ്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ അടുത്തവർഷത്തെ വാർഷികവികസനപദ്ധതി രൂപരേഖ ഡിസംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നവകേരളം കർമ്മപദ്ധതി ശില്പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആസൂത്രണ ബോർഡ് വേണ്ടെന്നാണ് കേന്ദ്രനിലപാട്. എന്നാൽ വികസനത്തിന് ആസൂത്രണമില്ലാതെ തരമില്ലെന്നതാണ് സംസ്ഥാന നയം. കഴിഞ്ഞവർഷം തദ്ദേശസ്ഥാപനങ്ങളുടെ ആസൂത്രണ പദ്ധതി 90ശതമാനവും പൂർത്തിയായി.നടപ്പ് വർഷം ഇത് 45ശതമാനം മാത്രമാണ്. പ്രളയമാണിതിന് കാരണം. ജില്ലാതല വികസനപദ്ധതികൾ സംസ്ഥാനത്തിന്റെ നേട്ടമാണ്.

പ്രളയത്തിൽ തകർന്ന വികസനപദ്ധതികളെയോർത്ത് വിഷമിക്കാതെ , പുതിയ കേരള സൃഷ്ടിക്ക് ഇത് അവസരമായി കാണണം. കാലാനുസൃതമായ പുരോഗതി നാടിന് നേടിയെടുക്കേണ്ടതുണ്ട്. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുകയും പുതിയ നിക്ഷേപങ്ങൾ വരുകയും വേണം. ഇതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം,വ്യവസായം,ടൂറിസം തുടങ്ങിയ മേഖലകളിലെ നിലവിലെ പദ്ധതികൾ ശക്തിപ്പെടുത്തണം. മാലിന്യ സംസ്കരണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ആശുപത്രികൾ, ഹോട്ടലുകൾ, സദ്യാലയങ്ങൾ എന്നിവിടങ്ങളിൽ കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കണം. പച്ചക്കറി വികസനത്തിന് പ്രത്യേക പാക്കേജുണ്ടാക്കണം.

സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വീട് വച്ചു നൽകുന്ന പദ്ധതിക്ക് ഈ വർഷം തുടക്കമിടും. ഓരോ ജില്ലയിലും പ്രാദേശിക സ്‌പോൺസർഷിപ്പോടെ ഒരു പൈലറ്റ് പദ്ധതി നടപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം വഹിക്കേണ്ടത്. ഭൂമിയുള്ള ഭവനരഹിതർക്കായി 50,000വീടുകളുടെ നിർമാണം ആരംഭിച്ചു. തണ്ണീർത്തടം, സി.ആർ.സെഡ് പ്രശ്നങ്ങൾ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ കെ.കെ.ശൈലജ ,പ്രൊഫ.സി.രവീന്ദ്രനാഥ്,രാമചന്ദ്രൻ കടന്നപ്പള്ളി,മേയർ വി.കെ.പ്രശാന്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, നവകേരളം കർമ്മപദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.