sandal

ചെന്നൈ: മോഷണം പോയ ചെരുപ്പ് കണ്ടുപിടിച്ച് കൊടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. തമിഴ്നാട്ടിലെ വ്യാപാരിയും രാജസ്ഥാൻ സ്വദേശിയുമായ രാജേഷ് ഗുപ്തയാണ് എങ്ങനെയും ചെരുപ്പുകണ്ടെത്തിനൽകണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്.

നഗരത്തിലെ ഒരു ലബോറട്ടറിയിൽ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് കള്ളൻ ചെരുപ്പുമായി കടന്നത്. പരിശോധന കഴിഞ്ഞ പുറത്തിറങ്ങിയപ്പോൾ ഉൗരിയിട്ട ചെരുപ്പ് കാണാനില്ല. പരിസരമാകെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ലബോറട്ടറി അധികാരികളോട് പറഞ്ഞെങ്കിലും അവർ കാര്യമായി എടുത്തില്ലെന്ന് മാത്രമല്ല കളിയാക്കുകയും ചെയ്തു. തുടർന്നാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. ചെരുപ്പ് കണ്ടുപിടിക്കുന്നതിനൊപ്പം കളിയാക്കിയ ലാബ് ജീവനക്കാരെ വിരട്ടണമെന്നും രാജേഷ് പൊലീസിനോട് ആവശ്യപ്പെട്ടു.

പരാതികേട്ട് പൊലീസ് അന്തംവിട്ടുപോയി. പുതിയതൊരെണ്ണം വാങ്ങിയാൽപ്പോരേ എന്ന് പൊലീസുകാർ ചോദിച്ചെങ്കിലും അതിന് രാജേഷ് ഒരുക്കമായിരുന്നില്ല. കൂടുതൽ ചോദിച്ചപ്പോഴാണ് കാരണം വ്യക്തമാക്കിയത്. ചെരുപ്പ് സെലക്ട് ചെയ്തത് ഭാര്യയാണ്. തന്റെ സ്നേഹമാണ് ചെരുപ്പിലൂടെ നൽകുന്നതെന്നും പരമാവധി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്നുമുതൽ എന്നും കഴുകിത്തുടച്ച് പൊന്നുപോലെയാണ് ചെരുപ്പിനെ സംരക്ഷിച്ചിരുന്നത്. എണ്ണൂറുരൂപയാണ് ഒറിജിനൽ വിലയെങ്കിലും ഭാര്യയുടെ സമ്മാനമായതിനാൽ അമൂല്യമാണ് രാജേഷിന്റെ പക്ഷം. പരാതി സ്വീകരിച്ച പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കാനായി രാജേഷുമായി ലാബിലെത്തിയെങ്കിലും സി.സി.ടി.വി കേടായതിനാൽ അത് വിജയിച്ചില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ചോദ്യംചെയ്തെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ല. ഇതോടെ പ്രശ്നം പരിഹരിക്കാൻ ലാബ് അധികൃതർ ഉടപെട്ടു. കേസ് അവസാനിപ്പിക്കാമെങ്കിൽ ചെരുപ്പിന്റെ വിലയായ എണ്ണൂറ് രൂപ നൽകാമെന്ന് അവർ പറഞ്ഞു. പൊലീസ് നിർബന്ധിച്ചതോടെ പണം വാങ്ങി കേസ് അവസാനിപ്പിക്കാൻ രാജേഷ് സമ്മതിച്ചു.