udf

തിരുവനന്തപുരം: ശബരിമല, മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദങ്ങളിൽ നിയമസഭയിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഏകോപനസമിതി യോഗം തീരുമാനിച്ചു. ശബരിമലയിൽ നിരോധനാജ്ഞ അവസാനിക്കുന്ന 30 വരെ ഈ വിഷയമുയർത്തിയും, അതുകഴിഞ്ഞ് ജലീൽ വിഷയത്തിലുമാകും പ്രതിഷേധം. നിരോധനാജ്ഞ നീട്ടിയാൽ പ്രതിഷേധം തുടരും.

മന്ത്രി ജലീലിനെ സഭയ്‌ക്കകത്തും പുറത്തും ബഹിഷ്‌കരിക്കും. പി.കെ. ശശിക്കെതിരായ പീഡനാരോപണം, പ്രളയാനന്തര നടപടികളിലെ സർക്കാർ പരാജയം, ഇടതുപക്ഷത്തിന്റെ സ്വതന്ത്ര എം.എൽ.എമാരായ പി.ടി.എ. റഹീമിനും കാരാട്ട് റസാഖിനുമെതിരായ ആരോപണങ്ങൾ എന്നിവയിലും ശക്തമായ പ്രതിഷേധമുയർത്തും. ശബരിമലയിൽ നിരോധനാജ്ഞ ഭക്തരെ ഭയപ്പെടുത്തുന്നുവെന്നാരോപിച്ച് ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകാൻ യു.ഡി.എഫ് നിയമസഭാകക്ഷിയിൽ ധാരണയായി. വി.എസ്. ശിവകുമാർ എം.എൽ.എ അടിയന്തരപ്രമേയ നോട്ടീസ് നൽകുമെന്നാണ് സൂചന. സി.പി.എമ്മിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിൽ നിറുത്തുന്ന സമീപനമാകും യു.ഡി.എഫ് സ്വീകരിക്കുക.
ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ബോധപൂർവം ഭക്തരെ തടയാനാണെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽ തകർന്ന ശബരിമലയിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ല. ശബരിമല വിഷയത്തിൽ ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കളെ ഇപ്പോൾ അറസ്റ്റുചെയ്യുന്നത് അവർക്ക് വളരാനുള്ള അവസരം ഉണ്ടാക്കാനാണെന്നും ബെന്നി ആരോപിച്ചു. ശബരിമലയിലെ നിരോധനാജ്ഞയിൽ പ്രതിഷേധിച്ച് നാളെ എല്ലാ നിയോജകമണ്ഡലങ്ങളിലും സായാഹ്നധർണ നടത്തും. അടുത്തമാസം 5ന് നിയോജകമണ്ഡലം തലത്തിൽ ധർണകളും നടത്തും.