ദുബായ് : ചിരിച്ചാൽ മാത്രം വാതിൽ തുറക്കും. ചിരിക്കാൻ മനസില്ലെങ്കിൽ പണി പതിനെട്ട് പയറ്റിയാലും വാതിൽ തുറക്കില്ല. അജ്‌മാനിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ ഓഫീസിലാണ് ഇൗ അത്ഭുത വാതിൽ . ഈവാതിലിന്റെ പൂട്ട് തുറക്കാനുള്ള താക്കോൽ അവിടെയെത്തുന്ന ഓരോരുത്തരുടെയും പുഞ്ചിരിയാണ്. പൊട്ടിച്ചിരി വേണ്ട.
ഒാഫീസിലെത്തുന്നവരുടെ സന്തോഷം ഉറപ്പുവരുത്തുക എന്നതാണ് ചിരിവാതിലിന്റെ ലക്ഷ്യമെന്നാണ് അധികൃതർ പറയുന്നത്. തൃപ്തരല്ലാത്തവരുടെ പരാതി വീണ്ടും കേൾക്കുകയും അതിന് അധികൃതർ പരിഹാരം കണ്ടെത്തുകയും ചെയ്യും. അവരെ ചിരിപ്പിച്ചേ മടക്കി അയയ്ക്കൂ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. വലിയ പരാതികൾ ഇല്ലാതെതാണ് ഭൂരിപക്ഷവും മടങ്ങുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഉപഭോക്താക്കൾ കോർപ്പറേഷൻ ഓഫീസിൽ എത്തുമ്പോൾ, അറബിക്, ഇംഗ്ലീഷ്, ഉർദു, ബംഗാളി ഭാഷകൾ സംസാരിക്കുന്ന മാഹാബാനി ജീവനക്കാർ അവരെ അഭിവാദ്യം ചെയ്യും എന്നൊരു പ്രത്യേകതകൂടി ഈ ഓഫീസിലുണ്ട്.ചിരിവാതിൽ കാണാനും പരീക്ഷിച്ചുനോക്കാനുമായി ഒാഫീസിൽ കയറുന്നവരും ഉണ്ട്.