rebuild-kerala
rebuild kerala

തിരുവനന്തപുരം: ഗിരിദീപം കൺവെൻഷൻ സെന്ററിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത രണ്ടുദിവസത്തെ നവകേരളം ശില്പശാല തത്സമയം വീക്ഷിക്കുന്നത് 30000 ത്തിലധികം പേർ. സംസ്ഥാനത്തെ 941ഗ്രാമപഞ്ചായത്തുകളിലും 152ബ്ലോക്ക് പഞ്ചായത്തുകളിലും 14ജില്ലാ പഞ്ചായത്തുകളിലും ആറ് കോർപറേഷനുകളിലും 87നഗരസഭകളിലും ടി.വി.നെറ്റ്‌വർക്കിലൂടെ അംഗങ്ങളെല്ലാം പരിപാടി ലൈവായി കണ്ടുകൊണ്ടിരിക്കുകയാണ്. ശിൽപശാലയിൽ ചോദ്യങ്ങൾ ഉന്നയിക്കാനും അവസരമുണ്ട്. അതിനെല്ലാം ശില്പശാലയിൽ നിന്ന് ഉത്തരവും ഉടൻ കിട്ടും. ഇതാദ്യമായാണ് സംസ്ഥാനം മുഴുവൻ നെറ്റ് വർക്കിൽ ബന്ധിപ്പിച്ച് വിവരസാങ്കേതികവിദ്യയും ടി.വി.ചാനലും ചേർന്ന് ഇത്തരമൊരു ബൃഹദ്സമ്മേളനം നടത്തുന്നത്. വിക്ടേഴ്സ് ചാനലാണ് ഇത് ഒരുക്കിയത്.

ശില്പശാലയുടെ ആദ്യ ദിവസമായ ഇന്നലെ സംസ്ഥാനത്തിന്റെ പ്രളയാനന്തര സാഹചര്യവും ലൈഫ്, ഹരിത കേരളം മിഷനുകളുടെ പ്രവർത്തന പുരോഗതിയും വിലയിരുത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാരും ജനപ്രതിനിധികളും ഉന്നയിച്ച സംശയങ്ങളും നവകേരള മിഷനുകളുടെ പ്രവർത്തനം സംബന്ധിച്ച ആശങ്കകളും ശില്പശാല ചർച്ച ചെയ്തു. ഓൺലൈനായി ലഭിച്ച 500ഓളം ചോദ്യങ്ങളും സദസിൽ നിന്നുയർന്ന സംശയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ശില്പശാലയിൽ രൂപപ്പെടുന്ന പൊതു അഭിപ്രായങ്ങൾക്കനുസരിച്ച് പുതിയ തീരുമാനങ്ങളും നടപടികളും ഉണ്ടാകുമെന്ന് ആദ്യ സെഷനിൽ അദ്ധ്യക്ഷനായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.