
ആത്മഹർഷം ഉണർത്തുന്ന ഒരു ചിന്തയാണിത്. മാതാപിതാക്കളുടെ വിയോഗത്തിൽ വേദനിക്കുന്നവരൊക്കെ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവും. എന്റെ അച്ഛൻ പ്രൊഫ. വി. ജഗന്നാഥപ്പണിക്കർ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് പതിനേഴ് വർഷം പൂർത്തിയാവുന്നു. ജീവിതത്തിന്റെ നിർണായക മുഹൂർത്തങ്ങളിലെല്ലാം എപ്പോഴും ആ സജീവ സാന്നിദ്ധ്യം അനുഭവവേദ്യമാകാറുണ്ട്. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം അരനൂറ്റാണ്ടിലേറെക്കാലം ആ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ധനതത്വശാസ്ത്രവും രാഷ്ട്രമീമാംസയുമായിരുന്നു ഇഷ്ടവിഷയങ്ങൾ. റിസർവ് ബാങ്ക് തുടങ്ങി ഒൻപത് വിവിധ ജോലികൾ രാജിവച്ചാണ് അദ്ധ്യാപന വൃത്തിയിൽ പ്രവേശിച്ചത്. ഏറ്റവും ആദരണീയവും പ്രാധാന്യമേറിയതുമാണ് അദ്ധ്യാപനവൃത്തി. ഗുരുശിഷ്യബന്ധം വിശുദ്ധമായി കാത്തുസൂക്ഷിക്കുന്ന നാടാണ് ഭാരതം 'ആചാര്യദേവോഭവ" എന്നതാണ് നമ്മുടെ സന്ദേശം. അദ്ധ്യാപനം അച്ഛന് തൊഴിൽ മാത്രമായിരുന്നില്ല, ഉപാസന കൂടിയായിരുന്നു. ലോകത്തിന്റെ ഏത് കോണിലെത്തിയാലും പണിക്കർ സാറിന്റെ മകളല്ലേ എന്നചോദ്യവുമായി വരുന്ന പ്രഗല്ഭർ ഉണ്ടാവും. അവരുടെ ആദരവും സ്നേഹഹർഷങ്ങളും ആത്മാവിന് കുളിർമയേകുന്നതാണ്. എസ്.എൻ. കോളേജ് പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചാണ് പത്രപ്രവർത്തനത്തിലേക്ക് വരുന്നത്. പത്രാധിപർ കെ. സുകുമാരന്റെ സ്നേഹവാത്സല്യങ്ങളാണ് ആ 'സാഹസ'ത്തിന് അച്ഛന് കരുത്ത് പകർന്നത്. വായനക്കാരുടെ പ്രീതിക്കും താത്പര്യത്തിനും വേണ്ടി വാർത്തകൾ സൃഷ്ടിക്കുകയല്ല വാർത്തകളുടെ സത്യം ജനങ്ങളെ അറിയിക്കുകയാണ് പത്രധർമ്മമെന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചത്. അസത്യങ്ങളും ഭാഗികസത്യങ്ങളും അരങ്ങ് തകർക്കുന്ന മാദ്ധ്യമരംഗത്ത് പത്രങ്ങളുടെ ജീവശ്വാസം വാർത്തയുടെ സത്യമാണെന്ന നിഷ്കർഷയാണ് പുലർത്തിയത്. അധികാര ശക്തികളെ അച്ഛൻ ബഹുമാനിച്ചിരുന്നു. പക്ഷേ ഭയപ്പെട്ടിരുന്നില്ല! ഏത് അനീതിക്കുമെതിരെയുള്ള സിംഹഗർജ്ജനമായി ജഗന്നാഥപ്പണിക്കരുടെ ശബ്ദം കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്. അഴിമതിക്കും അനീതിക്കുമെതിരെയുള്ള ആ പ്രതിഷേധസ്വരം എത്രയോ വേദികളിൽ മുഴങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ള ആ ധീരതയെ ആദരവോടും അഭിമാനത്തോടും കൂടിയാണ് ഞാൻ സ്മരിക്കുന്നത്.
ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയുമായിരുന്നു അച്ഛനെ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന രണ്ട് പ്രഭാവങ്ങൾ. മനുഷ്യരാശിയെ ഒന്നായി കാണാൻ കഴിയുന്ന എല്ലാ വീക്ഷണങ്ങളോടും ആശയങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് പരസ്യമായ മമതയും പുലർത്തിയിരുന്നു. യാഥാസ്ഥിതികതയെ പൂർണമായും നിരാകരിച്ചു. ആധുനികതയുടെ വെളിച്ചം ആ മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നു. സ്വതന്ത്രവും അസാധാരണവുമായ ചിന്തയുടെ പ്രകാശം നിറഞ്ഞതായിരുന്നു രചനകൾ. വേദാന്തചിന്തയും കാവ്യമീമാംസയും രാഷ്ട്രതന്ത്രവും എല്ലാം ആ നാവിന് വഴങ്ങുന്നതായിരുന്നു. ആ മഹദ് സ്മരണയ്ക്ക് പ്രണാമം. ഈ മകളുടെ ജന്മസാഫല്യം.