തിരുവനന്തപുരം :പ്രളയബാധിത വില്ലേജുകളിലെ കൃഷിക്കാരുടെ അഞ്ച് ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളണമെന്ന് കെ.സി. ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായ യു.ഡി.എഫ് ഉപസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കടങ്ങൾക്ക് മോറട്ടോറിയം നൽകുന്നത് ശാശ്വത പരിഹാരമല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച തുകയുടെ വരവ് ചെലവുകളെ കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തണം. പ്രളയത്തിൽ നശിച്ച വീടുകൾ പുനർനിർമ്മിക്കാനുള്ള ധനസഹായം അടിയന്തരമായി ലഭ്യമാക്കണം.
കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് വിശദമായ ചർച്ച നടത്തി ശാസ്ത്രീയമായും സമയബന്ധിതമായും പദ്ധതി തയ്യാറാക്കണം. നെല്ലിന്റെ സംഭരണ വില ക്വിന്റലിന് 3000 രൂപയും, കൈകാര്യച്ചെലവ് ക്വിന്റലിന് 100 രൂപയുമാക്കണം. ക്യാമ്പുകളിൽ നിന്ന് മാറി വാടകയ്ക്ക് താമസിക്കുന്നവർക്ക് വാടക നൽകാനും സൗകര്യം ഉണ്ടാക്കണം- യു.ഡി.എഫ് ഉപസമിതി ആവശ്യപ്പെട്ടു.