തിരുവനന്തപുരം: ഇന്നലെയും വിൻസെന്റ് വേച്ചു വേച്ചു പൂന്തുറ കടൽതീരത്തെത്തി: '' ആയിരം കൊല്ലം ഇരുന്ത് വാഴാനുള്ള എന്റെ പുള്ളയെ ഇങ്ങ് തിരികെ തായോ...ദൈവം എത്രയോ മാലോരെ രക്ഷപ്പെടുത്തിയിരിക്കുന്നു...'' പിന്നേയും പിറുപിറുത്തു കൊണ്ട് വിൻസെന്റ് നടന്നു. 'അവൻ ഇപ്പോൾ ഇങ്ങനെയാണ്. അവന്റെ കടശ്ശിക്കുട്ടിയെയാണ് ഓഖി കൊണ്ടുപോയത്...' അയൽവാസിയായ ഫിലോമിന പറഞ്ഞു.

വിൻസെന്റിന്റെ ഇളയമകൻ വിനീഷ്‌ തുഴയുമെടുത്ത് കടലിലേക്ക് പോകുമ്പോൾ 15 വയസും അഞ്ച് മാസവും. പതിന്നാലാം വയസിൽ കടലിൽ പോയി തുടങ്ങിയതാണ് വിനീഷ്. വിൻസെന്റിന് കിഡ്നി രോഗമായതിനാൽ അന്നത്തിനും മരുന്നിനുമെല്ലാം വക കണ്ടെത്തണമെങ്കിൽ വിനീഷിന്റെ വല നിറയണമായിരുന്നു.

'അന്നൊരു ബുധനാഴ്ചയായിരുന്നു. കടലിൽ പോകാൻ മടിച്ച് ഉറങ്ങിക്കിടന്ന അവനെ മറ്റ് വള്ളക്കാർ വിളിച്ചുണർത്തിക്കൊണ്ടു പോയതാണ്. പിന്നെ ഞാനവനെ കണ്ടില്ല. ഇപ്പോഴവിടെയുണ്ടവൻ'- മുറിയിലെ ചുമരിലേക്ക് ചൂണ്ടി വിൻസെന്റ് പറഞ്ഞു. ചുമരിൽ യേശുദേവന്റെ ചിത്രത്തിനടുത്ത് വിനീഷിന്റെ ചിത്രം. 51കാരൻ മുത്തപ്പൻ, 32 കാരൻ സാബു എന്നിവർക്കൊപ്പമാണ് വിനീഷ് കടലിൽ പോയത്. ശക്തമായ തിരയടിച്ച് മൂവരും വള്ളത്തിൽ നിന്നു തെറിച്ചുവീഴുമ്പോൾ പ്രായക്കൂടുതലുള്ള മുത്തപ്പനെ രക്ഷിക്കാനായിരുന്നു സാബുവും വിനീഷും ശ്രമിച്ചത്. മൂന്നാം ദിവസം മുത്തപ്പൻ രക്ഷപ്പെട്ടു. വിനീഷിനൊപ്പം സാബുവിനെയും കടൽ കൊണ്ടുപോയി.

പിന്നെ ഒറ്റയ്ക്കൊരു വീട്ടിലായി വിൻസെന്റ്. എപ്പോഴും ഒരു തമിഴ്പാട്ട് ഉച്ചത്തിൽ കേൾപ്പിച്ച് വീട്ടിനകത്തു കഴിയും. ആരോടും മിണ്ടില്ല. വിൻസെന്റിന്റെ മനസ് പിടിവിട്ടുപോയെന്ന് മനസിലായ അയൽവാസികളും നാട്ടുകാരും ചേർന്ന് അയാളെ കടൽതീരത്തേക്കു കൂട്ടിക്കൊണ്ടു പോയി മറ്റുള്ളവർക്കൊപ്പം ഇരുത്തി. ഒരു വിധം ശരിയാക്കി. ഇപ്പോൾ ഇങ്ങനെയാണ് കടപ്പുറത്തു പോകും അവിടെ കിടന്നുറങ്ങും. 'വീട്ടിലിരുന്നാൽ എനിക്ക് ചിലപ്പോൾ പിരാന്ത് വരുമെന്നാണ് ഇവരൊക്കെ പറയുന്നത്.' ഇങ്ങനെ പറഞ്ഞ് അയാൾ കതകടച്ചു. പാട്ട് ഓൺ ചെയ്തു.

''ആണ്ടവൻ ഉലകത്തിൽ മുതലാളി

അവനുക്ക് ഞാനൊരു തൊഴിലാളി''