ആറ്റിങ്ങൽ: നഗരപരിധിയിലെ തെരുവുവിളക്കുകളിൽ ഭൂരിഭാഗവും കത്താതെ ആയിട്ട് ആഴ്ചകളായെന്നും നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപം. ദേശീയപാതയിലെയും ഇടറോഡുകളിലെയും വിളക്കുകളാണ് കത്താത്തത്. തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് നഗരസഭാ അധികൃതരാണ്. നഗരസഭ ബൾബുകളും ട്യൂബുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വാങ്ങിനല്കിയാൽ മാത്രമേ കെ.എസ്.ഇ.ബി അധികൃതർ അവ മാറ്റി സ്ഥാപിക്കൂ. കേടായ തെരുവ് വിളക്കുകളുടെ കണക്കുകൾ ശേഖരിക്കാൻ പോലും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പ്രധാന ആരോപണം. ദേശീയപാതയിൽ മാമത്ത് തെരുവ് വിളക്കുകൾ കത്താത്തതിനാൽ അപകടങ്ങൾ പെരുകുകയാണ്. ഇവിടെ റോഡിന്റെ വശങ്ങളിൽ വലിയ കുഴിയാണ്. കൂടാതെ ഈ ഭാഗം ഇറക്കവും വളവുമാണ്. രാത്രികാലങ്ങളിൽ പാഞ്ഞു വരുന്ന വാഹനങ്ങൾ തെരുവു വിളക്കില്ലാത്തതിനാൽ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇടറോഡുകളിൽ പാമ്പുശല്യവും തെരുവുനായ ശല്യവും കൂടുതലാണ്. ഇവിടങ്ങളിൽ തെരുവു വിളക്കുകൾ ഇല്ലാത്തത് ഏറെ ദുരിതം വിതയ്ക്കുകയാണ്. മാത്രമല്ല സാമൂഹികവിരുദ്ധരുടെ താവളമാണ് ഇപ്പോൾ നഗരത്തിലെ പല ഇടറോഡുകളും. പരസ്യമായ മദ്യപാനം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാണ് തെരുവു വിളക്കില്ലാത്ത റോഡരികിൽ നടക്കുന്നത്.