തിരുവനന്തപുരം: ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടനായിരുന്ന കെ.ഉദയകുമാറിന്റെ സ്മരണാർത്ഥം വോളിഫാമിലി ക്ളബ്ബ് ഏർപ്പെടുത്തിയിരിക്കുന്ന മികച്ച കളിക്കാരനുള്ള അവാർഡിന് പഞ്ചാബ് പൊലീസ് താരം ഗുരീന്ദർ സിംഗിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ജിമ്മി ജോർജിന്റെ ചരമവാർഷികദിനമായ 30ന് വൈകിട്ട് അഞ്ചിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേംബറിൽ കായിക മന്ത്രി ഇ.പി.ജയരാജൻ സമ്മാനിക്കും.
കെ.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ, മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയവർ പങ്കെടുക്കും. ജോൺ സാമുവൽ ജിമ്മി ജോർജ് അനുസ്മരണം നടത്തും. എസ്.ഗോപിനാഥ് ഐ.പി.എസ്, അബ്ദുൾ റസാഖ്, സുമിത്ത് റോയി, കാർത്തികേയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.