arasttilaya-prathikal

കല്ലമ്പലം: പള്ളിക്കൽ ഗവ. ഹൈസ്‌കൂളിന് സമീപം ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കടയ്‌ക്കാവൂർ നിലയ്‌ക്കാമുക്ക് മംഗ്ലാവിള നെടിയവിള വീട്ടിൽ അനുദാസ് (19), കടയ്‌ക്കാവൂർ നിലയ്‌ക്കാമുക്ക് പാട്ടികവിള പുതുവൽവിള വീട്ടിൽ സുബിൻ രാജ് (19) എന്നിവരെയാണ് റൂറൽ ഷാഡോ പൊലീസിന്റെ സഹായത്തോടെ പള്ളിക്കൽ പൊലീസ് പിടികൂടിയത്. ഇവർ കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അനുദാസ് തമിഴ്‌നാട്ടിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു. പള്ളിക്കൽ മേഖലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി പി. അശോക് കുമാറിന്റെ നിർദ്ദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. കാട്ടാക്കടയിൽ നടന്ന പരിശോധനയ്‌ക്കിടെ കഴിഞ്ഞ മാസം പള്ളിക്കലിൽ സ്ഥിരതാമസമാക്കിയ യുവാവിൽ നിന്നും ഏഴ് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ സംഘം പിടിയിലായത്. പ്രതികളെ റിമാൻഡ് ചെ‌യ്‌തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ വി. ഗംഗാപ്രസാദ്, ഷാഡോ എസ്.ഐ സിജു കെ.എൽ. നായർ, എ.എസ്.ഐ ഫിറോസ്, ബിജു, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.