ശബരിമല : സന്നിധാനമടക്കമുള്ളിടത്ത് എന്തെങ്കിലും ദുരന്തമുണ്ടായാൽ പ്രതിരോധിക്കുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ പുതിയ ദുരന്തനിവാരണ യൂണിറ്റ് സജ്ജമാക്കും. നിലയ്‌ക്കൽ ബേസ് ക്യാമ്പാണ് യൂണിറ്റിന്റെ ഇപ്പോഴത്തെ ആസ്ഥാനം. പമ്പയിലും സന്നിധാനത്തുമാണ് മറ്റ് യൂണിറ്റുകൾ. ആദ്യമാണ് ഈ സംവിധാനം ശബരിമലയിൽ ഒരുക്കുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള ദുരന്തനിവരാണ യൂണിറ്റിൽ 21 അംഗങ്ങളാണുള്ളത്. ഈ മേഖലയിൽ യോഗ്യതയുള്ളവരെയും മുൻപരിചയമുള്ളവരെയുമാണ് അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തത്. രണ്ട് ദിവസത്തിനകം മൂന്ന് യൂണിറ്റുകളും പ്രവർത്തിച്ചു തുടങ്ങുമെന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ഓഫീസറും സംവിധാനത്തിന്റെ നോഡൽ ഓഫീസറുമായ ടി.ആർ. രാജീവ് പറഞ്ഞു. മണ്ഡല - മകരവിളക്ക് കാലത്ത് പൂർണമായും യൂണിറ്റിന്റെ സേവനം ലഭ്യമാവും.
അയ്യപ്പന്മാർക്കോ മറ്റ് സംവിധാനങ്ങൾക്കോ അപകടമുണ്ടായാൽ ബന്ധപ്പെട്ട വകുപ്പുകളെ കൃത്യസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി വേഗത്തിൽ എത്തിക്കുകയാണ് പ്രധാന ചുമതല. പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളെയാണ് മുഖ്യമായും ഏകോപിപ്പിക്കുക. പുറത്തെ യൂണിറ്റുകളിൽ ആവശ്യമെങ്കിൽ ഇവരും ദുരന്തനിവാരണ പ്രവർത്തനത്തിനിറങ്ങും. വയർലെസ് സംവിധാനം, വിവരശേഖരണത്തിനുള്ള ലാപ്ടോപ്പുകൾ തുടങ്ങിയവ സംഘത്തിന് നൽകും. ഒരു സമയം ഒരു സംഘത്തിൽ ആറുപേരുണ്ടാകും. ശേഷിക്കുന്ന മൂന്ന് പേർ ഇവരുടെ വിശ്രമസമയങ്ങളിൽ പകരക്കാരാവും. സംവിധാനം വിജയമായാൽ യൂണിറ്റ് വിപുലീകരിക്കുന്നതും ആലോചിക്കും. ഈ സീസണിൽ ദർശനത്തിനെത്തുന്ന അയ്യപ്പന്മാരുടെ കണക്ക് രേഖപ്പെടുത്തുന്ന ചുമതലയും യൂണിറ്റിന് നൽകിയേക്കും.
സന്നിധാനം ഡ്യൂട്ടി മജിസ്ട്രേട്ട് പി.പി. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി യോഗമാണ് ഈ സംവിധാനത്തിന് അനുമതി നൽകിയത്. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരായ എം. മുരളി, വി.എസ്. വിജയകുമാർ, സന്നിധാനം എസ്.എച്ച്.ഒ ടി.ഡി. പ്രജീഷ്, അയ്യപ്പസേവാ സംഘം വൈസ് പ്രസിഡന്റ് പി.ഒ. ബാലൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ.എസ്. അശോക്, ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. അയ്യപ്പഭക്തന്മാർക്ക് അടിയന്തര സഹായത്തിന് ഫോൺ : 04735 - 202984.