sc

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് നാഴികയ്ക്ക് നാല്പതു വട്ടം ആവർത്തിക്കുന്ന സർക്കാർ, സാങ്കേതികവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ ഉതകുന്ന ഉന്നത കോടതിയുടെ സുപ്രധാനമായ ഒരു ഉത്തരവ് രണ്ടരവർഷത്തിലേറെയായി പൂഴ്‌ത്തിവച്ചിരിക്കുന്നു. ശബരിമല യുവതീപ്രവേശന ഉത്തരവ് നടപ്പാക്കാൻ തിടുക്കം കാട്ടുന്ന അതേ സർക്കാരാണ് കേരള സമൂഹത്തിനും വിദ്യാഭ്യാസ മേഖലയുടെ ഭാവിക്കും ഏറ്റവും പ്രയോജനകരമായ ഉത്തരവ് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഇടത് സംഘടനയുടെ എതിർപ്പ് കാരണം പരണത്ത് വച്ചിരിക്കുന്നത്.

ഗവ. എൻജിനിയറിംഗ് കോളേജുകളിലെ 2008 മുതലുള്ള പ്രിൻസിപ്പൽ, പ്രൊഫസർ, അസോ. പ്രൊഫസർ തസ്തികകളിലെ സ്ഥാനക്കയറ്റത്തിന് പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് സുപ്രീംകോടതി നൽകിയ ഉത്തരവാണ് നടപ്പാക്കാത്തത്. 2010 മാർച്ച് 5ന് മുൻപ് പ്രൊഫസർ, അസോ. പ്രൊഫസറായവർക്ക് ആ തസ്തികകളിൽ തുടരാമെന്നും 1990 മാർച്ച് 27ന് മുൻപ് ലക്ചററായി കയറിയവർക്കും പ്രൊഫസർ തസ്തികയിലേക്ക് വിജ്ഞാപനമിറക്കിയപ്പോൾ 45 വയസ് തികഞ്ഞവർക്കും പിഎച്ച്.ഡി യോഗ്യതയിൽ ഇളവ് നൽകാമെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. പിഎച്ച്.ഡിയില്ലാത്ത അസോ. പ്രൊഫസർമാർ സർവീസിലെത്തിയ തീയതി മുതൽ 7 വർഷത്തിനകം പിഎച്ച്.ഡി നേടിയാൽ മതിയെന്നും ഇതിനകം സ്ഥാനക്കയറ്റം ലഭിച്ചവരെ പിഎച്ച്.ഡി ഇല്ലാത്തതിന്റെ പേരിൽ തരംതാഴ്‌ത്തരുതെന്നും സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇൗ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ ശമ്പളവർദ്ധന തടയാമെന്നും സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ ഇതു പാലിക്കാൻ സർക്കാർ നടപടിയെടുത്തില്ല.

സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി സ്ഥാനക്കയറ്റ ഉത്തരവിറക്കാനുള്ള മന്ത്രി കെ.ടി. ജലീലിന്റെ രേഖാമൂലമുള്ള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാടൈറ്റസ് മുഖ്യമന്ത്രിയെ അറിയിച്ചു. 7 പ്രിൻസിപ്പൽ, 9 പ്രൊഫസർ, 11 അസോ. പ്രൊഫസർ എന്നിങ്ങനെ 27 അദ്ധ്യാപകരെ തരംതാഴ്‌ത്താനും 250 പേർക്ക് സ്ഥാനക്കയറ്റം നൽകാനുമാണ് മന്ത്രി ഫയലിലെഴുതിയത്. നേരത്തേ സ്ഥാനക്കയറ്റം കിട്ടിയ ആരെയും തരംതാഴ്‌ത്തരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. 2010 മാർച്ചിനു മുൻപ് സ്ഥാനക്കയറ്റം നേടിയവർക്കുമാത്രം പിഎച്ച്.ഡി നേടാൻ സുപ്രീംകോടതി നൽകിയ 7 വർഷത്തെ ഇളവ് 2016 വരെയുള്ളവർക്ക് നൽകണമെന്നാണ് മന്ത്രി ഫയലിൽ ആവശ്യപ്പെട്ടത്. ഇതിനുള്ള അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് നോട്ടെഴുതി, ഉഷാടൈറ്റസ്, ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. ആരെയും തരംതാഴ്‌ത്താതെ 250 അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാനാണ് ഉഷാടൈറ്റസിന്റെ ശുപാർശ. സുപ്രീംകോടതി ഉത്തരവുപ്രകാരം കഴിഞ്ഞമാസം സ്ഥാനക്കയറ്റം നൽകിയ രണ്ട് പ്രിൻസിപ്പൽമാരെ തരംതാഴ്‌ത്താനും മന്ത്രി നിർദ്ദേശിച്ചിരുന്നു.

സംഭവിച്ച നഷ്ടം

ഉത്തരവുപ്രകാരമുള്ള സ്ഥാനക്കയറ്റങ്ങൾ നടപ്പാക്കാത്തതോടെ കോളേജുകൾക്ക് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരം നഷ്ടമായി. എല്ലാ കോഴ്സിനും അക്രഡിറ്റേഷനുള്ള കൊല്ലം ടി.കെ.എമ്മിൽ കഴിഞ്ഞവർഷം 280 കുട്ടികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചപ്പോൾ സി.ഇ.ടിയിൽ 140 പേർക്കേ ജോലി കിട്ടിയുള്ളൂ. അക്കാഡമിക് സ്വയംഭരണം നൽകാനാവാത്തതിനാൽ, കേന്ദ്രപദ്ധതിയായ 'ടെക്വിപി'ന്റെ മൂന്നാംഘട്ടഫണ്ട് കേന്ദ്രം തടഞ്ഞു

ഇതാണ് പ്രശ്‌നം

അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ 2010 മാർച്ചിൽ നിർദ്ദേശിച്ചത് പ്രകാരം പ്രിൻസിപ്പലാകാൻ ഗവേഷണബിരുദവും ഒന്നാംക്ലാസ് പി.ജിയും 15 വർഷത്തെ അദ്ധ്യാപനപരിചയവും പ്രൊഫസറാകാൻ സമാനയോഗ്യതകൾക്കൊപ്പം 10 വർഷത്തെ പരിചയവും വേണം

ഇതിൽ ഇളവുകൾ നൽകിയ സർക്കാർ ഉത്തരവ് 2009ൽ ഹൈക്കോടതി റദ്ദാക്കി. തുടർന്ന് നൂറിലേറെ അദ്ധ്യാപകരെ തരംതാഴ്‌ത്തി.

തരംതാഴ്‌ത്തപ്പെട്ടവർ സുപ്രീംകോടതിയെ സമീപിച്ചു. സ്ഥാനക്കയറ്റം നേടിയവരെ ബുദ്ധിമുട്ടിക്കരുതെന്നും തരംതാഴ്‌ത്തരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2017 ഡിസംബറിൽ ഇവരെ തിരിച്ചെടുത്തു.

അദ്ധ്യാപകരുടെ ഭാഗം കേട്ടശേഷം കോടതി ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റത്തിന് പുതിയ പട്ടികയുണ്ടാക്കാൻ 2017നവംബറിൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. അത് ഇതുവരെ നടപ്പാക്കിയിട്ടില്ല

''തീരുമാനമെടുത്ത് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെ. ഉദ്യോഗസ്ഥരുടെ എതിർപ്പും പരിശോധിക്കട്ടെ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാലേ പറ്റൂ.''

കെ.ടി. ജലീൽ

ഉന്നതവിദ്യാഭ്യാസമന്ത്രി