നേമം: കാരയ്‌ക്കാമണ്ഡത്തിന് സമീപം സ്ഥിതിചെയ്യുന്ന ആമീൻകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങുന്നു. രണ്ട് വർഷം മുമ്പ് കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കെ.ഐ.ഐ.ഡി.സി) അംഗീകരിച്ച പദ്ധതി ഒന്നരവർഷമായി മുടങ്ങിക്കിടക്കുകയാണ്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. നടുവത്ത് റസിഡന്റ്സ് അസോസിയേഷൻ പരിധിയിലാണ് കുളം സ്ഥിതി ചെയ്യുന്നത്. അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മാണം നടത്തണമെന്ന വ്യവസ്ഥ പ്രകാരം അസോസിയേഷൻ സ്വകാര്യവ്യക്തിക്ക് കരാർ നൽകി. എന്നാൽ ചെളി നീക്കം ചെയ്യുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കരാറുകാരൻ പാതിവഴിക്ക് ജോലി നിറുത്തിയത്. കുളം ശരിയായ രീതിയിൽ നവീകരിച്ചാൽ നെൽക്കൃഷിക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.

ഡ്രെയിനേജ് പൊട്ടി മലിനജലം കുളത്തിലേക്ക്

-----------------------------------------------------------------
കുളത്തിന് സമീപം റോഡിനടിയിൽ സ്ഥാപിച്ചിട്ടുള്ള ഡ്രെയിനേജ് പൈപ്പ് പൊട്ടി മലിനജലം കുളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഡ്രെയിനേജ് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കുളം നവീകരിക്കുന്നതിൽ അർത്ഥമില്ല. ഡ്രെയിനേജ് പ്രശ്‌നം പരിഹരിക്കേണ്ടത് നഗരസഭയുടെ ചുമതലയാണ്.


അരുൺ,​ എൻജിനിയർ (കെ.ഐ.ഐ.ഡി.സി )

 പദ്ധതിക്ക് 14.95 ലക്ഷം രൂപ അനുവദിച്ചു

പദ്ധതിയിൽ...

------------------------

കുളത്തിലെ ചെളി നീക്കം ചെയ്യുക, ചുറ്റും കല്ലുകെട്ടി കോൺക്രീറ്റ് ചെയ്യുക,

ടൈൽ പാകി നടപ്പാത നിർമ്മിക്കുക, കുളത്തിന്റെ ഒരു ഭാഗത്ത് കൈവരി കെട്ടുക, സോളാർ ലൈറ്റ് സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.