നെയ്യാ​റ്റിൻകര: പ്രളയദുരിതത്തിന്റെ ദുഃഖമൊതുക്കി ആരവങ്ങളില്ലാതെ തിരുവനന്തപുരം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് രാവിലെ നെയ്യാ​റ്റിൻകരയിൽ തിരി തെളിയും. പ്രധാന വേദിയായ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും മറ്റു വേദികളിലും ഇന്ന് രാവിലെ 9.30ന് മത്സരങ്ങൾ ആരംഭിക്കും. നെയ്യാ​റ്റിൻകര ജെ.ബി.എസിൽ രാവിലെ 9.30ന് കുച്ചിപ്പുടി, സംഘനൃത്തം എന്നിവയും മൂന്നാംവേദിയായ നെയ്യാ​റ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് വട്ടപ്പാട്ട്, ഒപ്പന മത്സരങ്ങളും നടക്കും. ടൗൺഹാളിൽ നാടക മത്സരവും മൂകാഭിനയവും അഞ്ചാം വേദി ക്രമീകരിച്ചിരിക്കുന്ന നെയ്യാ​റ്റിൻകര ജി.എച്ച്.എസിൽ മിമിക്രിയും മോണോ ആക്ടും നടക്കും. കോൺവെന്റ് റോഡിലെ ടീച്ചേഴ്‌സ് ആഡി​റ്റോറിയത്തിലാണ് പ്രസംഗമത്സരവും അക്ഷരശ്ലോകമത്സരവും. നാളെ പ്രധാന വേദിയിൽ ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടവും ഭരതനാട്യവും ഹൈസ്‌കൂൾ വിഭാഗം മത്സരങ്ങൾ ജെ.ബി.എസിലും നടക്കും. ഭക്ഷണം നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹൈസ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. നാളെ മത്സരങ്ങൾ സമാപിക്കും. നാലായിരത്തിലേറെ സ്കൂൾ കുട്ടികൾ എത്തുന്ന കലയുടെ ഉത്സവത്തിനായി നെയ്യാറ്റിൻകര ടൗണും സജ്ജമായി. ഈ പ്രദേശത്തെ ലോഡ്ജുകളും ബന്ധുഗൃഹങ്ങളും അതിഥികളായ യുവപ്രതിഭകളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനായി പ്രത്യേക ട്രാഫിക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വേദികളിലെ മത്സരങ്ങളിൽ പങ്കെടുക്കാനായി മത്സരാർത്ഥികൾക്ക് പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പങ്കെടുക്കുന്ന സ്കൂളിലെ അധികൃതർ വിദ്യാർത്ഥികൾക്കായി സ്വകാര്യ വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.