ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പാലച്ചൽക്കോണം വാർഡിലുള്ളവർക്ക് പറയാൻ പരാതികൾ ഏറെയാണ്. വാഗ്ദാനങ്ങൾക്കുമപ്പുറം വികസനം നടക്കാത്ത പഞ്ചായത്തിന് വികസന പദ്ധതികൾ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. 19 വാർഡുകൾ മാത്രമായിരുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ 2010ൽ കോട്ടുകാൽക്കോണം വാർഡ് വിഭജിച്ച് പുതിയ വാർഡായി പാലച്ചൽക്കോണം നിലവിൽ വരുന്നത്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും കർഷകരും കൂലിപ്പണിക്കാരും കുലത്തൊഴിലുകാരുമാണ്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഒരു വാർഡിന് വികസനത്തിനായി 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. എന്നാൽ ഇതിനോടൊപ്പം ത്രിതല ഫണ്ട് ഉൾപ്പെടുത്തിയാൽ മാത്രമേ ഗ്രാമീണ വാർഡുകളിൽ സമ്പൂർണ വികസനം സാദ്ധ്യമാകുകയുള്ളുവെന്നതാണ് വസ്തവം. സർക്കാരിന്റെ ലൈഫ് പദ്ധതിയും മെയിന്റെനൻസ് വർക്കുകളും അല്ലാതെ കഴിഞ്ഞ കുറേ നാളുകളായി വാർഡിന്റെ വികസനപ്രവർത്തനങ്ങൾക്ക് ബ്ലോക്ക് –ജില്ലാ ഭരണസംവിധാനത്തിൽ നിന്ന് യാതൊരുവിധ ഫണ്ടും അനുവദിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
ഓഖിയിൽ തകർന്ന് കൃഷി
ബാലരാമപുരം പഞ്ചായത്തിൽ വാഴക്കൃഷിയിൽ മുന്നിലാണ് പാലച്ചൽക്കോണം വാർഡ്. 120 ഓളം കർഷകരാണ് ഇ വാർഡിലുള്ളത്. ഓഖി ചുഴലിക്കാറ്റിലും തുടർന്നുള്ള മഴക്കെടുതിയിലും വിളകൾക്ക് നാശനഷ്ടമുണ്ടായതോടെ കർഷകർ കടക്കെണിയിലായിക്കുകയാണ്. ഓഖിദുരന്തത്തിൽപ്പെട്ടവർക്ക് 33 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ബാലരാമപുരം കൃഷിഭവൻ നൽകിയിരുന്നു. എന്നാൽ ഈ തുക കൊണ്ട് ഭീമമായ കാർഷിക വായ്പയുടെ പകുതി പോലും അടച്ചുതീർക്കാൻ സാധിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി. കൃഷിയെ പുനഃരുജ്ജീവിപ്പക്കാൻ പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
പാലച്ചൽക്കോണം വാർഡിലെ ഒരേയൊരു റോഡായ മംഗലത്തുകോണം-പാലച്ചൽക്കോണം –ആട്ടറമ്മൂല റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഓട്ടോറിക്ഷ മാത്രം പോകുന്ന റോഡിൽ വീതിക്കുറവ് ആണ് വെല്ലുവിളിയാവുന്നത്. തോടിനോട് ചേർന്നുള്ള റോഡ് 8 മീറ്ററെങ്കിലും വീതി കൂട്ടിയാൽ മാത്രമേ കെ.എസ്.ആർ.ടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുകയുള്ളൂ. ഇടറോഡുകളും വയൽക്കരവഴിയുമാണ് ഈ ഭാഗത്തെ വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നെയ്ത്ത് തൊഴിലാളികൾ ദുരിതത്തിൽ
പാലച്ചൽക്കോണം വാർഡിൽ നെയ്ത്ത് തൊഴിലാളികളും ദുരിതത്തിലാണ്. ദേശസാത്കൃതബാങ്ക് വഴി നെയ്ത്ത് തൊഴിലാളികൾക്ക് പലിശരഹിത വായ്പ നൽകിയിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം നിറുത്തി. സ്കൂൾ യൂണിഫോം യന്ത്രവത്കൃതതറികളിൽ നെയ്തെടുക്കാനുള്ള സർക്കാർ നീക്കവും തൊഴിലാളികൾക്ക് തിരിച്ചടിയായി. 50 വർഷമായി നെയ്ത്ത് ഉപജീവനമായി കൊണ്ടുപോകുന്ന നൂറിൽപ്പരം തൊഴിലാളികളാണ് പാലച്ചൽക്കോണത്ത് ഉള്ളത്. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരും മുന്നോട്ടുവരുന്നില്ലെന്നും ആക്ഷേപമുണ്ട്.