വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആവശ്യത്തിന് ബസുകൾ ഓടാത്തത് വിതുര-നന്ദിയോട് പാലോട് റൂട്ടിൽ യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. അര മണിക്കൂർ ഇടവിട്ട് പാലോട് നിന്നും വിതുരയിലേക്കും തിരിച്ചും ഓടുന്ന സമാന്തരസർവീസുകളാണ് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് നിലവിലെ ആശ്രയം. കളക്ഷനില്ലെന്നും പറഞ്ഞ് ട്രാൻസ്പോർട്ട് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നതാണ് യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. അടുത്തിടെ നടപ്പിലാക്കിയ ഷെഡ്യൂൾ പരിഷ്ക്കാരം കൂടിയായപ്പോൾ യാത്രാദുരിതം ഇരട്ടിച്ചു. അടുത്തടുത്തായി നാല് ഡിപ്പോകൾ ഉണ്ടായിട്ടും പാലോട് വിതുര റൂട്ടിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നില്ല.
പാഴായ വാഗ്ദാനങ്ങൾ...
വിതുര പാലോട് റൂട്ടിലനുഭവപ്പെടുന്ന യാത്രാക്ലേശം അകറ്റുന്നതിനായി ചെയിൻ സർവീസ് ആരംഭിക്കുമെന്ന് മുൻപ്. കെ.എസ്.ആർ.ടി.സി അധികാരികൾ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അനക്കമില്ല. ആര്യനാട്,നെടുമങ്ങാട്,പാലോട് ഡിപ്പോകൾ വിതുരയിലേക്ക് വേണ്ടത്ര സർവീസുകൾ അയക്കാത്തതും യാത്രാദുരിതം ഇരട്ടിപ്പിക്കുന്നു. ഇൗ മൂന്ന് ഡിപ്പോകളിൽ നിന്നും മുൻപ് വിതുര പാലോട് റൂട്ടിൽ അയച്ചിരുന്ന ബസുകളിൽ ഭൂരിഭാഗവും സർവീസ് നിറുത്തി. കാട്ടാക്കട ഡിപ്പോയിൽ നിന്നും പൂവച്ചൽ,കുറ്റിച്ചൽ,ആര്യനാട്,തൊളിക്കോട്,വിതുര,നന്ദിയോട് എന്നീ അഞ്ചു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മികച്ച കളക്ഷനോടെ സർവീസ് നടത്തിയിരുന്ന ബസും അകാരണമായി നിറുത്തലാക്കി.
|