road

വർക്കല: വർക്കല നഗരസഭയിലെയും ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെയും റോഡുകൾ തകർന്നതോടെ യാത്രക്ലേശം വർദ്ധിക്കുന്നു. മിക്ക റോഡുകളും മഴ പെയ്താൽ കുളമാകുന്ന സ്ഥിതിയിലാണ്.

പുല്ലാന്നികോട് ജനതാമുക്ക് റോഡാണ് ഏറെ ശോചനീയമായിട്ടുളളത്. നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡിന്റെ തകർച്ച യാത്രാക്ലേശം ഇരട്ടിയാക്കുന്നു. പത്ത് വർഷം മുമ്പ് ശിവഗിരി പാക്കേജിലാണ് റോഡ് ടാർ ചെയ്തത്. റോഡിലെ വെളളക്കെട്ടാണ് തകർച്ചയ്ക്ക് പ്രധാനകാരണം. കണ്ണംബ ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന ഭാഗത്ത് മഴക്കാലത്ത് വലിയ വെളളക്കെട്ട് സ്ഥിരം കാഴ്ചയാണ്. മഴ മാറിയാൽ റോഡ് നന്നാക്കാം എന്നായിരുന്നു പൊതുമരാമത്തിന്റെ വാഗ്ദാനം. എന്നാൽ മഴ മാറി മാസങ്ങൾ പിന്നിട്ടിട്ടും റോഡ് നന്നാക്കിയിട്ടില്ല. റോഡ് കൂടുതൽ തകരുകയും ചെയ്തു.

മിക്ക റോഡുകളിലും വെള്ളം ഒഴുകിപോകാൻ മാർഗമില്ല. കുണ്ടും കുഴിയുമായിട്ടാണ് റോഡ് കിടക്കുന്നത്. റോഡ് തകർന്നതിനാൽ ഇതുവഴി ഓട്ടോറിക്ഷകളും സഞ്ചാരത്തിന് വരാറില്ല.

പട്ടികജാതി കോളനി ഉൾകൊളളുന്ന ചെറുന്നിയൂർ കാറാത്തല പറങ്കിമാംവിള രോഡ് നവീകരണം പാതിവഴിയിലാണ്. അച്ചുമ്മാമുക്ക് തെറ്റിക്കുളം റോഡിൽ നിന്നും അരകിലോമീറ്റർ ദൂരമുളള കോളനിയിലേക്കുളള റോഡ് 21 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണ് ടാർ ചെയ്തത്. പണം തികയാത്തതിനാൽ പൂർണമായില്ല. പറങ്കിമാംവിള പാലത്തിൽ നിന്നും കോളനിയിലേക്കുളള കുത്തനെ കയറുന്ന റോഡിന്റെ ശോചനീയാവസ്ഥ വാഹനയാത്രികർക്ക് നിരന്തരം ഭീഷണിയാണ്.

നഗരസഭയുടെ കീഴിലുള്ള റോഡുകളെല്ലാം തന്നെ അടിയന്തരമായി പുനർനിർമ്മാണം വേണ്ട അവസ്ഥയിലാണ്. രണ്ടര കോടി രൂപയുടെ പണികളാണ് ഉടൻ ചെയ്തു തീർക്കാനുളളത്. ടാർ വാങ്ങി നൽകാനുളളത് നഗരസഭ നിർത്തിയത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും പറയുന്നു. അഞ്ഞൂറ് മീറ്റർ ടാർ ചെയ്യാൻ നഗരസഭ എസ്റ്റിമേറ്റ് പ്രകാരം നാല് ലക്ഷമാണെങ്കിൽ ഉയർന്ന ടാർ വിലയിൽ അത് ആറ് ലക്ഷമാകുമെന്നാണ് കരാറുകാർ പറയുന്നത്. നിർമ്മാണം നടക്കേണ്ട റോഡ് നേരിട്ട് കാണാതെയാണ് ഉദ്യോഗസ്ഥരിൽ പലരും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതെന്നും ആക്ഷേപമുണ്ട്.