തിരുവനന്തപുരം: സംവരണ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ധൃതി പിടിച്ച് നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
സംസ്ഥാന ഭരണ നിർവഹണ സംവിധാനം പരിഷ്‌കരിക്കുന്നതിനായി രൂപീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ഡെപ്യൂട്ടി കളക്ടർ, പൊതുഭരണ, ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിമാർ തുടങ്ങിയ 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളും മറ്റ് വകുപ്പുകളിലെ കോമൺ തസ്തികകളുമാണ് നിയമനത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സിവിൽ സർവീസായി ഇത് പരിഗണിക്കുന്നതിനാൽ ഭാവിയിൽ ഐ.എ.എസ് പ്രൊമോഷനു വേണ്ടിയുള്ള ഫീഡർ കാറ്റഗറി കൂടിയാണിത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിയമനം ലഭിക്കുന്നതിന് മൂന്നു സ്ട്രീമുകളായാണ് തിരിച്ചിരിക്കുന്നത്. നൂറ്റിയമ്പതിലധികം തസ്തികകളുണ്ട്. ഇതിൽ സ്ട്രീം ഒന്നിൽ മാത്രമാണ് സംവരണ വ്യവസ്ഥകൾ ബാധകമാക്കിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം 2 ലും, ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം 3 ലും സംവരണം എടുത്തു കളഞ്ഞിരിക്കുകയാണ്.
ഇതുമൂലം സ്ട്രീം 2 ലും 3 ലും സംവരണത്തിലൂടെ പ്രൊമോഷൻ ലഭിക്കേണ്ട പട്ടികജാതി -പട്ടികവർഗ ഉദ്യോഗസ്ഥർ അവഗണിക്കപ്പെടും. അവർക്ക് ഐ.എ.എസ് പദവി ലഭിക്കുന്ന സാഹചര്യം ഇതോടെ നഷ്ടമാകും. കേരളത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വാർഷികം ആഘോഷിച്ച് പട്ടികജാതി -പട്ടികവർഗക്കാരെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചുനിറുത്താൻ ശ്രമിക്കുന്ന ഇടതുമുന്നണി സർക്കാർ പട്ടികജാതി -പട്ടികവർഗത്തിന്റെ അസ്ഥിവാരം തോണ്ടുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.