തിരുവനന്തപുരം: സ്റ്റാർട്ടപ് യാത്ര ഗ്രാൻഡ് ഫിനാലെയിൽ മികച്ച വനിതാസംരംഭകയ്ക്കുള്ള പുരസ്കാരം വയനാട് മീനങ്ങാടി സർക്കാർ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ ഡിപ്ലോമ വിദ്യാർത്ഥി അരുണിമ .സി.ആർ നേടി. ജലാശയങ്ങളിലെ ഖരമാലിന്യം മനുഷ്യസഹായമില്ലാതെ നീക്കം ചെയ്യുന്നതിനുള്ള ഉപകരണം നിർമ്മിക്കാനുള്ള ആശയത്തിനാണ് അരുണിമയ്ക്ക് പുരസ്കാരം ലഭിച്ചത്. കേരള സർക്കാരിന്റെ കേരള സ്റ്റാർട്ടപ് മിഷനും കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയിൽ ആശയങ്ങളുടെ മികവിൽ ഇരുപതോളം സംഘങ്ങളാണ് ജേതാക്കളായത്.
കർഷകർക്കായി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ തയ്യാറാക്കി കാസർകോട്ടു നിന്നെത്തിയ റഷീദ .വി.പി രണ്ടാംസ്ഥാനവും തലച്ചോർ നിയന്ത്രിത വീൽചെയർ ആശയത്തിൽ കോട്ടയത്തുനിന്നുള്ള ആൻഡ്രിയ ആന്റണി മൂന്നാം സ്ഥാനവും നേടി.
ഹീറോ ഒഫ് ദ സ്റ്റേറ്റ് ആയി ദേവി .വി.എസ് (തിരുവനന്തപുരം), ജിതിൻ .ജെ (കൊല്ലം), തോമസ് സിറിയക് (കോട്ടയം), സച്ചു ശിവറാം .എസ് (കൊച്ചി), വർഷ .ജെ (തൃശൂർ), മുഹമ്മദ് സഹീർ മരക്കാത്തേൽ (കോഴിക്കോട്), അനീഷ് ബ്ലസന്റ് (വയനാട്), ഹാരിസ് (കാസർകോട്) എന്നിവരുടെ സംഘത്തെ തിരഞ്ഞെടുത്തു.
മികച്ച ടെക്‌നോളജി സ്റ്റാർട്ടപ് വിഭാഗത്തിൽ അമൽ സി. സജി ഒന്നാം സ്ഥാനവും രാഹുൽ കെ.എസ് രണ്ടാം സ്ഥാനവും അനി സാം വർഗീസ് മൂന്നാം സ്ഥാനവും നേടി. മികച്ച സാമൂഹ്യ സ്റ്റാർട്ടപ് വിഭാഗത്തിൽ റിസ്വാൻ അഹമ്മദ് .കെ ഒന്നാംസ്ഥാനവും ഉഷാനന്ദിനി രണ്ടാംസ്ഥാനവും നോറീൻ .എൻ മൂന്നാംസ്ഥാനവും നേടി. മികച്ച സുസ്ഥിര സ്റ്റാർട്ടപ് വിഭാഗത്തിൽ കെവിൻ .ആർ ഒന്നാംസ്ഥാനവും അമൽജിത് എസ്.ബി രണ്ടാംസ്ഥാനവും രാഗേഷ് മൂന്നാംസ്ഥാനവും നേടി. പത്തരലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഈ ആശയങ്ങൾ കരസ്ഥമാക്കിയത്. ഗ്രാൻഡ് ഫിനാലെയിലെത്തിയ എല്ലാ ആശയങ്ങളും കെ.എസ്.യു.എമ്മിന്റെ ഇൻകുബേഷനും അർഹമായി.