politics

പാലോട്: പോഷകാഹാരക്രമത്തിൽ ചെറുധാന്യങ്ങൾക്കുള്ള പങ്ക് വളരെ പ്രധാനമാണ്. ഒരുകാലത്ത് നെടുമങ്ങാട് താലൂക്കിൽ സമൃദ്ധമായിരുന്ന ചെറുധാന്യ കൃഷി തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് നന്ദിയോട് കൃഷിഭവനും ഗ്രാമപഞ്ചായത്തും. പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയോര ചെറുധാന്യ കൃഷിക്ക് തയ്യാറെടുക്കുകയാണ് അധികൃതർ.

പൊതുസ്ഥലങ്ങളിലും റോഡ് വക്കിലും ധാന്യങ്ങളുടെ വിത്തുകൾ പാകിയും തൈകൾ നട്ടും പൊതുജനങ്ങളിൽ 'മില്ലറ്റ് കൃഷി ' യുടെ സാദ്ധ്യതകൾ പരിചയപ്പെടുത്താനാണ് തീരുമാനം. കൃഷിഭവന്റെ മാതൃക പദ്ധതി ഏറ്റെടുക്കാൻ നിരവധി സന്നദ്ധ സാംസ്‌കാരിക സംഘടനകളും കുടുംബശ്രീ പ്രവർത്തകരും മുന്നോട്ടു വന്നിട്ടുണ്ട്. നന്ദിയോട് നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലുവളളി മുതൽ പാലോട് വരെയുളള വഴിയോരങ്ങളിൽ കഴിഞ്ഞ ദിവസം ചെറുധാന്യങ്ങളുടെ വിത്ത് പാകി. 100 കിലോ മീറ്റർ വഴിയോര കൃഷിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് ഉദ്‌ഘാടനം ചെയ്‌തു. നന്ദിയോട് പഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ കോ-ഓർഡിനേറ്റർ ബി.എസ്. ശ്രീജിത്ത്, പച്ചക്കറി ക്ലസ്റ്റർ കൺവീനർ ആർ. സെൽവരാജ്, മാതൃകാ കർഷകൻ കെ. ചന്ദ്രൻ, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി പ്രിയങ്ക, പ്രസിഡന്റ് വികാസ്, വാർഡ് മെമ്പർമാരായ പി. രാജീവൻ, സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.