തിരുവനന്തപുരം : പരസ്പരം വീറോടെയുള്ള പ്രചാരണങ്ങൾ കഴി‌ഞ്ഞു. ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ കിണവൂരിൽ അവസാനവട്ട തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് മൂന്ന് മുന്നണികളും. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുകൾ ഉറപ്പിക്കുന്നതിനാണ് ഇന്ന് സ്ഥാനാർത്ഥികൾ സമയം കണ്ടെത്തുക. ഇന്നലെ വാഹനപര്യടനത്തിന്റെ തിരക്കിലായിരുന്നു മൂന്നു സ്ഥാനാർത്ഥികളും. വൈകിട്ട് അഞ്ചിന് പ്രചാരണം അവസാനിച്ചു. ഇന്ന് രാവിലെ കളക്ട‌റേറ്റിൽ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നടക്കുമെന്ന് വരണാധികാരിയായ ജില്ല പ്ലാനിംഗ് ഓഫീസർ ബിജു അറിയിച്ചു. യന്ത്രങ്ങൾ സജ്ജമാക്കിയ ശേഷം പോളിംഗ് ഉദ്യോഗസ്ഥർ ഉച്ചയോടെ ബൂത്തുകളിലെത്തും. ഉദ്യോഗസ്ഥർ രാത്രി ബൂത്തുകളിൽ തങ്ങും. നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. മൂന്ന് വർഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മൂന്ന് മുന്നണികളും പ്രഖ്യാപിച്ചതോടെ വീറും വാശിയുമുള്ള പോരാട്ടമാണ് നടക്കുന്നത്. 2010ൽ നഗരസഭയോട് കൂട്ടിച്ചേർത്ത ശേഷം നടത്തിയ രണ്ട് തിരഞ്ഞെടുപ്പിലും വാർഡ് യു.ഡി.എഫിനൊപ്പമായിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണ 126 വോട്ടിന്റെ വ്യത്യാസത്തിൽ നഷ്ടമായ സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. അതേസമയം, രണ്ടു മുന്നണികളെയും പിന്നിലാക്കി ഇക്കുറി വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.