തിരുവനന്തപുരം: കോട്ടപോലെ ഉയർത്തിയ പൊലീസ് പട ദുഷ്‌പേര് കേട്ടതോടെ, ശബരിമലയിലെ പൊലീസിന്റെ കടിഞ്ഞാൺ ഹൈക്കോടതി കൈയിലെടുത്തിരിക്കുകയാണ്.റിട്ട. ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സമിതിക്ക് രൂപം നൽകിയതോടെ പൊലീസ് കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.
ഭക്തർക്ക് അടിക്കടി ബുദ്ധിമുട്ടുണ്ടാക്കുന്ന പൊലീസ് നിയന്ത്രണങ്ങൾക്ക് ഇനി ഇളവുവന്നേക്കും.ഘട്ടംഘട്ടമായി നിരോധനാജ്ഞയും പിൻവലിക്കും.ഭക്തർക്ക് നാമജപം നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനാൽ നേരത്തേയെടുത്ത കേസുകളും ഇല്ലാതാവും.പൊലീസ് നടപടികളും സുരക്ഷാക്രമീകരണങ്ങളും പരിശോധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്യുകയാണ് നിരീക്ഷണസമിതിയുടെ ചുമതല. ശബരിമലയിലെ മാസ്റ്റർപ്ലാൻ പുതുക്കാൻ ചുമതലയുള്ള ഉന്നതതല സമിതി അദ്ധ്യക്ഷനായി പരിചയമുള്ള ജസ്റ്റിസ് സിരിജഗനും 1988മുതൽ സുരക്ഷാചുമതലയിലുണ്ടായിരുന്ന ഡി.ജി.പി ഹേമചന്ദ്രനും ശബരിമലയുടെ മുക്കുംമൂലയും അറിയാവുന്നവരാണ്. ശബരിമലയിലെ സുരക്ഷയിൽ 30വർഷത്തെ പരിചയമാണ് ഡി.ജി.പി എ.ഹേമചന്ദ്രനുള്ളത്.
പുല്ലുമേട്ടിലൂടെയും കാട്ടുപാതകളിലൂടെയുമുള്ള തീർത്ഥാടകരെ തടഞ്ഞും സന്നിധാനത്ത് ബാരിക്കേഡുകൾ ഉയർത്തിയുമുള്ള പൊലീസ് നിയന്ത്രണങ്ങൾ സമിതി അനുവദിച്ചേക്കില്ല. നിരീക്ഷണസമിതി വരുന്നതോടെ വലിയനടപ്പന്തലിൽ വിശ്രമത്തിന് ഭക്തർക്കുള്ള നിയന്ത്രണത്തിലും ദർശനത്തിനുള്ള സമയക്രമീകരണത്തിലും ഇളവുണ്ടായേക്കും.
കരുതലോടെ പൊലീസ്
ഹൈക്കോടതിയുടെ വിമർശനമേറ്റ ഐ.ജി വിജയ്സാക്കറെ, എസ്.പി യതീഷ്‌ചന്ദ്ര എന്നിവർക്ക് പകരക്കാരായി നിയോഗിച്ച ഐ.ജി ദിനേന്ദ്രകശ്യപ്, എസ്.പിമാരായ എച്ച്.മഞ്ജുനാഥ്, കാളിരാജ് മഹേഷ്‌കുമാർ എന്നിവർ കരുതലോടെ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരാണ്. യുവഎസ്.പിമാരുടെ അമിതാവേശം പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. 14വർഷം സ്പെഷ്യൽഓഫീസറായി പരിചയമുള്ള ഐ.ജിമാരായ പി.വിജയൻ, എസ്.ശ്രീജിത്ത് എന്നിവർ അടുത്തഘട്ടത്തിൽ എത്തുന്നതോടെ ശബരിമലയിൽ പൊലീസ് കാരണമുള്ള പ്രശ്‌നങ്ങൾ ഇല്ലാതാവും.അതേസമയം, പൊലീസിന്റെ പോർട്ടലിലൂടെ ദർശനസമയം മുൻകൂട്ടി ബുക്കുചെയ്ത 900യുവതികളിൽ രണ്ടുഡസനോളം പേർ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരോട് കാത്തിരിക്കാൻ പൊലീസ് നിർദ്ദേശിച്ചു. പൊലീസ് സംരക്ഷണംതേടി ചിലർ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.