sabarimala

ശബരിമല:സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ ഒഴുക്കിൽ തിങ്കളാഴ്ചയുണ്ടായ വർദ്ധന ദേവസ്വം ബോർഡിന് നേരിയ ആശ്വാസമായെങ്കിലും ഇന്നലെ തിരക്ക് വീണ്ടും കുറഞ്ഞു.60,000 ഭക്തർ തിങ്കളാഴ്ച പടിചവിട്ടിയെങ്കിൽ ഇന്നലെ ഇത് 35,000 ത്തിൽ ഒതുങ്ങി.കഴിഞ്ഞ വെള്ളിയാഴ്ച 40,000 പേരാണ് ദർശനത്തിന് എത്തിയത്. ഈ മണ്ഡലകാലം തുടങ്ങിയ ശേഷം മറ്റുദിവസങ്ങളിലൊന്നും ഭക്തരുടെ എണ്ണം 50,000 കവിഞ്ഞിട്ടില്ല.

കാലാവസ്ഥ അനുകൂലമാവുകയും സന്നിധാനത്തെയും നിലയ്ക്കലെയും അന്തരീക്ഷം ശാന്തമാവുകയും ചെയ്തത് സന്നിധാനത്ത് വൻ തുകമുടക്കി കടകൾ ലേലം കൊണ്ടവരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചെങ്കിലും സ്ഥിതി ഇപ്പോഴും ആശാവഹമല്ല.മണ്ഡല കാലത്തിന്റെ തുടക്ക സീസണിൽ കൂടുതൽ തീർത്ഥാടകരെത്തേണ്ടത് വൃശ്ചികം എട്ടുമുതൽക്കാണ്. ഇന്ന് 12 വിളക്കായിട്ടും വൈകിട്ടും സന്നിധാനത്ത് അത്ര വലിയ തിരക്ക് കണ്ടില്ല. നിലയ്ക്കലും എരുമേലിയിലും പമ്പ മുതൽ സന്നിധാനം വരെയും ഭക്തർക്ക് ഒരു വിധ ബുദ്ധിമുട്ടുകളുമുണ്ടാവാത്ത വിധം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ദേവസ്വം അധികൃതർ പറയുന്നു.എന്നാൽ പമ്പയിൽ ഇപ്പോഴും വേണ്ടത്ര സംവിധാനങ്ങളില്ലെന്നാണ് പതിവായി ദർശനത്തിന് എത്താറുള്ള അയ്യപ്പന്മാരുടെ പരിഭവം.