തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ ജെ.ഡി.എസിന്റെ പുതിയ മന്ത്രിയായി ചിറ്റൂർ എം.എൽ.എ കെ.കൃഷ്ണൻകുട്ടി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് അഞ്ചിന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.ചീഫ് സെക്രട്ടറി ടോംജോസ് ചടങ്ങ് നിയന്ത്രിച്ചു.
ജനതാദൾ (എസ്) ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് മാത്യു.ടി.തോമസ് രാജി വച്ച ഒഴിവിലാണ് കൃഷ്ണൻകുട്ടി മന്ത്രിയായത്. മാത്യു ടി.തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണൻകുട്ടിക്കും. . മന്ത്രിമാരോടൊപ്പം സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മാത്യു.ടി.തോമസ്, എം.പി. വീരേന്ദ്രകുമാർ എം.പി,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ശബരിമല പ്രശ്നത്തിലെ പ്രതിഷേധവും ആരോപണവിധേയനായ മന്ത്രി കെ.ടി.ജലീലനോടുള്ള എതിർപ്പും ചൂണ്ടിക്കാട്ടി യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിച്ചു.ചിറ്റൂർ മണ്ഡലത്തിൽ നിന്നുള്ള നിരവധി പ്രവർത്തകരും പുതിയ മന്ത്രിക്ക് അഭിവാദ്യമർപ്പിക്കാനെത്തിയിരുന്നു.