മലയിൻകീഴ്: 'വെള്ളം, വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രെ..!' മലയിൻകീഴ്, പേയാട് പ്രദേശവാസികളുടെ അവസ്ഥ ഇപ്പോൾ ഇതാണ്. ഒരു ഭാഗത്ത് രൂക്ഷ കുടിവെള്ളക്ഷാമം. മറുഭാഗത്ത് കുടിവെള്ളം പാഴായി പോകുന്നു. മലയിൻകീഴ് ക്ഷേത്ര ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. റോഡാകെ വെള്ളം ഒലിച്ചിറങ്ങുന്നതിനാൽ യാത്രക്കാരും സമീപത്തെ വ്യാപാരികളും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം പേയാട് ജംഗ്ഷനിൽ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു. വാട്ടർ അതോറിറ്റി അധികൃതരെത്തി കരാറുകാരനെ കൊണ്ട് റോഡ് കുഴിച്ച് പൈപ്പ് ചോർച്ച മാറ്റിയെങ്കിലും കുഴി അപകടക്കെണിയിലായിട്ടുണ്ട്. ശാന്തുമൂല, ആൽത്തറ, മേപ്പൂക്കട, മച്ചേൽ, പാലോട്ടുവിള, കരിപ്പൂര്, തറട്ട, ചിറ്റിയൂർകോട് ഭാഗങ്ങളിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആഴ്ചയിലൊരിക്കൽ പോലും പൈപ്പ് വെള്ളം ലഭ്യമാകുന്നില്ല. എന്നാൽ പൈപ്പുകൾ പൊട്ടി കുടിവെളളം പാഴാകുന്നത് നിത്യ കാഴ്ചയാണ്. കുടിവെള്ള പൈപ്പുകൾ കാലഹരണപ്പെട്ടതു കൊണ്ടാണ് തുടർച്ചയായി വിവിധ സ്ഥലങ്ങളിൽ പൊട്ടുന്നത്. അടിയന്തരമായി പൈപ്പുകൾ മാറ്റി കുടിവെള്ളം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
തെളിഞ്ഞ വെള്ളം പമ്പ് ഹൗസുകളിൽ ഉണ്ടായിട്ടും പലപ്പോഴും മലിനജലമായിരിക്കും പൈപ്പിലൂടെ ലഭിക്കാറ്. അരുവിക്കരയിൽ നിന്നാണ് വെളളമെത്തേണ്ടത്. അരുവിക്കര (പുന്നാവൂർ) പമ്പിംഗ് സ്റ്റേഷനിലെ ജീവനക്കാരുടെ വിമുഖതയാണ് കുടിവെളളം മുടങ്ങാൻ കാരണമെന്ന് പരാതിയുണ്ട്. പമ്പിംഗ് നടത്താനാകുന്നില്ല, യന്ത്രത്തകരാർ എന്നിങ്ങനെയുള്ള മറുപടിയാണ് അധികൃതരിൽ നിന്നും ലഭിക്കുന്നത്.
ജലധാര പോലെ പരാതിയുമേറെ..! കുഴിയെടുക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് അടയ്ക്കാത്തതിനാൽ മഴ പെയ്താലുടൻ വൻ കുഴികളായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. പൈപ്പ് പൊട്ടിയ വിവരം വാട്ടർ അതോറിറ്റിയെ അറിയിച്ചാൽ ദിവസങ്ങൾ കഴിഞ്ഞാകും ചോർച്ച മാറ്റാനെത്തുന്നത്. അപ്പോഴേക്കും വൻ തോതിൽ കുടിവെള്ളം പാഴായിരിക്കും. കുടിവെള്ള ക്ഷാമത്തിന് കാരണം ജീവനക്കാർ നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാൽവ് അടയ്ക്കുന്നതാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
|
|