ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സിലോൺ സന്ദർശന ശതാബ്ദി നിറവിൽ ശ്രീലങ്കയുടെ ചരിത്രവഴികളിലൂടെ സ്മൃതിയാത്ര നടത്തിയ ശിവഗിരി സംഘം ഇന്ന് രാവിലെ തിരുവനന്തപുരം എയർപോർട്ടിൽ മടങ്ങിയെത്തും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് ദിവസത്തെ ശ്രീലങ്കൻയാത്ര പൂർത്തിയാക്കി മടങ്ങിയെത്തുന്നത്. കേരളത്തിനു പുറമെ ചെന്നൈ, കോയമ്പത്തൂർ, മുംബയ്, ഭോപ്പാൽ എന്നിവിടങ്ങളിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുൾപ്പെടെ നൂറോളം പേർ സംഘത്തിലുണ്ടായിരുന്നു.
കൊളംബോയിലെ അനർവ ഹോട്ടലിൽ നടന്ന ശ്രീനാരായണ ഗ്ലോബൽ മീറ്റിനുശേഷമാണ് ശതാബ്ദി സമ്മേളനം നടന്നത്. ബുദ്ധഭിക്ഷുവായ കൊണ്ടഗോഡ വിമലദമ്മ തെറോയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ശ്രീലങ്കൻ സാംസ്കാരിക വകുപ്പ് മന്ത്റി സ്വാമിനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീലങ്കയിലെ ശ്രീനാരായണ സൊസൈറ്റിയുടെ പ്രതിനിധികളും വ്യവസായ പ്രമുഖരടക്കമുളള മലയാളി സമൂഹവും സംബന്ധിച്ചു. ഗുരുദേവൻ സന്ദർശിച്ച കൊച്ചിക്കട ശിവക്ഷേത്ര ആഡിറ്റോറിയത്തിലായിരുന്നു സമ്മേളനം.
പ്രാർത്ഥനായോഗങ്ങൾ, സത്സംഗം തുടങ്ങിയവയും വിവിധ സ്ഥലങ്ങളിൽ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ നടന്നു.100 വർഷം മുമ്പ് ഗുരുദേവൻ സിലോണിൽ വന്നിറങ്ങിയ മറദാന റെയിൽവേസ്റ്റേഷൻ, തുറമുഖത്തിനടുത്തുള്ള സിനമൺഗാർഡൻ ബംഗ്ലാവ്, തലൈമന്നാർമുനമ്പ്, ശ്രീനാരായണ സൊസൈറ്രി മന്ദിരം, കൊളംബിൽ നിന്നും 300 കിലോമീറ്രറിലധികം യാത്ര ചെയ്ത് ശ്രീബുദ്ധന്റെ ദിവ്യദന്തം സൂക്ഷിച്ചിട്ടുള്ള കാന്റിയിലെ ബുദ്ധക്ഷേത്രം എന്നിവിടങ്ങളും ശിവഗിരി സംഘം സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ കാന്റിയിൽ പ്രാർത്ഥന, സത്സംഗം, ധ്യാനം എന്നിവയ്ക്ക് ശേഷം 200 കിലോമീറ്രറോളം സഞ്ചരിച്ച് ശിഖരിയയിലെത്തി. കശ്യപ് രാജാവ് നിർമ്മിച്ച പ്രസിദ്ധമായ കൊട്ടാരം ഇവിടെയാണ്. ലോകത്തിലെ 9 പ്രധാന പൈതൃക കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥലം. ആയിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ബുദ്ധവിഹാരങ്ങളും ബുദ്ധഭിക്ഷുക്കളും തിങ്ങിനിറഞ്ഞിരുന്നതായി കരുതപ്പെടുന്നു. ധ്യാനത്തിലിരിക്കുന്ന ശ്രീബുദ്ധന്റെ സ്വർണ പ്രതിമയുള്ള ദാംബുള്ള ക്ഷേത്രവും മ്യൂസിയവും ഇവിടെയാണ്. ഗുരുദേവന്റെ സിലോൺ സന്ദർശനത്തിന്റെ പവിത്ര സ്മരണകളിൽ മൂന്ന് ദിവസം നീണ്ട ശ്രീലങ്കൻ സ്മൃതിയാത്ര പൂർത്തിയാക്കിയ ധന്യതയിലാണ് ശിവഗിരി സംഘമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു.