k-krishnankutty

തിരുവനന്തപുരം : നിറഞ്ഞ ചിരിയോടെ പ്രവർത്തകർക്കും ഉറ്റവർക്കും ഉദ്യോഗസ്ഥർക്കുമൊപ്പം സെക്രട്ടേറിയറ്റിലെ സാൻഡ്‌‌വിച്ച് ബ്ളോക്കിലുള്ള ജലവിഭവവകുപ്പ്മന്ത്രിയുടെ ഒാഫീസിലെത്തി ചുമതലയേറ്റ ജനതാദളിലെ കെ. കൃഷ്ണൻകുട്ടി വാർത്താലേഖകരോട് അധികമൊന്നും പ്രതികരിച്ചില്ല. 'സുപ്രധാന ചുമതലയാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങളും മുന്നണിനയ പരിപാടികളും മുന്നിൽക്കണ്ട് പ്രവർത്തിക്കും. കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള പൊതുപ്രവർത്തകനാണ്. ഭരണപരമായ കാര്യങ്ങളും വകുപ്പിലെ നടപടികളുമെല്ലാം ഒന്ന് പഠിക്കട്ടെ, എന്നിട്ട് ഗൗരവമായി പറയാം"- കൃഷ്ണൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥരുമായും അധികം സംസാരിച്ചില്ല. ചെറു ചിരിയോടെ സഹകരിക്കണം എന്ന അഭ്യർത്ഥനമാത്രം.

ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അഞ്ച് മിനിട്ട് നീണ്ട ചടങ്ങിൽ അഭിവാദ്യമർപ്പിക്കാൻ നിരവധി പ്രവർത്തകരും കുടുംബക്കാരും സുഹൃത്തുക്കളും നേതാക്കളുമെല്ലാം എത്തിയിരുന്നു. എല്ലാവരോടും നന്ദി പറഞ്ഞ് മൂന്നാം നമ്പർ കാറിൽ രാജ്ഭവനിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക്. സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുൻമന്ത്രി മാത്യു ടി. തോമസിനെയും പുതിയ മന്ത്രി അഭിവാദ്യം ചെയ്തു.

'നാലു പതിറ്റാണ്ടിന്റെ പൊതുപ്രവർത്തന ജീവിതമാണ് അദ്ദേഹത്തിന്റേത്. വൈകിയെങ്കിലും ഇത് അർഹിക്കുന്ന അംഗീകാരമായി കാണുന്നു"- ചടങ്ങിനെത്തിയ ഭാര്യ വിലാസിനി പറഞ്ഞു. നിരവധി കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിനാകുമെന്ന് മകനും വ്യവസായ വകുപ്പ് ഡയറക്‌ടറുമായ കെ. ബിജു പറഞ്ഞു. മക്കളായ നാരായണൻകുട്ടി, അജയൻ, ലത, മരുമക്കളായ ബാലസായി, ഷാറ, ദിവ്യ, അമൃത എന്നിവരും ആറു പേരക്കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.