മലയിൻകീഴ്: കുണ്ടമൺകടവ് ആറ്റിലെ മൂലത്തോപ്പ് പനച്ചമൂട് കടവിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ ഉൾപ്പെട്ട അഞ്ച് അംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു.മറ്റൊരാളെ കാണാനില്ല.ഇന്നലെ വൈകുന്നേരത്താണ് സംഭവം.കുരിശുമുട്ടം താഴച്ചിറക്കോണം ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന അനിൽകുമാറിന്റെ മകൻ രാഹുൽചന്ദ്ര(17)നാണ് മരിച്ചത്.ഇളയ മകൻ ശരത്ചന്ദ്രനെ(13) യാണ് കാണാതായത് .
ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സുഹൃത്തുക്കളോടൊപ്പം ഇവർ കടവിലെത്തിയത്.മൂന്ന് പേർ കുളിക്കാനിറങ്ങി.ഇതിനിടെ രാഹുൽചന്ദ്രനും ശരത്ചന്ദ്രനും തൈക്കാട് സ്വദേശി ഇന്ദ്രജിത്തും(17)വെള്ളത്തിൽ മുങ്ങി.കരയിലിരുന്നവരുടെ നിലവിള കേട്ട് നാട്ടുകാർ ഓടിയെത്തി ഇന്ദ്രജിത്തിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇന്ദ്രജിത് അപകടനില തരണം ചെയ്തിട്ടുണ്ട്.കൊടുങ്ങാനൂർ ഭാരതീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ ആദർശ് ജി.നായർ(17), ഭരത്.എം.പി(17), രാഹുൽചന്ദ്രൻ എന്നിവർ പ്ലസ് ടു വിനാണ് പഠിക്കുന്നത്.രാഹുൽചന്ദ്രന്റെ ജന്മദിനമായിരുന്നു ഇന്നലെ.കാട്ടാക്കട ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.രാഹുൽചന്ദ്രന്റെ മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശരത്ചന്ദ്രനെ കണ്ടെത്തുന്നതിന് ഇന്ന് രാവിലെ ഫയർ ഫോഴ്സ് തിരച്ചിൽ തുടരും. ശരത്ചന്ദ്രൻ പൂജപ്പുര ബേബിലാൻഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രാഹുൽചന്ദ്രന്റെ മാതാവ് ശ്രീജ.
(ഫോട്ടോ അടിക്കുറിപ്പ്...മരിച്ച രാഹുൽചന്ദ്രൻ(17)