തിരുവനന്തപുരം: ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വൈൻ വില്പന നടത്തിയ ആളെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് എക്സൈസ് റെയ്ഞ്ച് അധികൃതർ പിടികൂടി . ഫോറസ്റ്റ് ഓഫീസിന് സമീപം മ്യൂസിയം ലെയ്‌നിൻ നഗർ വിശാഖം ഹൗസിൽ മൈക്കിൾ വിൽഫ്രഡാണ് (56) അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിന് പ്രചാരണം നൽകിയതിന് നേരത്തെ പൊലീസ് നടപടിയെടുത്ത ജി.എൻ.പി.സി എന്ന ഗ്രൂപ്പിന്റെ മോഡറേറ്റർമാരാണ് മൈക്കിളും മകൾ ലിൻഡ വിൽഫ്രഡും.
വീട്ടിൽ നിന്ന് 106 കുപ്പി വൈനും പിടിച്ചെടുത്തു. വിൽഫ്രഡിന്റെ മകൾ ലിൻഡയാണ് അനന്തപുരി രുചി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വൈൻ വിൽപനയ്ക്കായി പരസ്യം നൽകിയിരുന്നത്. 650 മില്ലിലീറ്ററിന് 650 രൂപയാണ് വില. മൈക്കിളാണ് വൈൻ തയാറാക്കിയിരുന്നതെന്ന് എക്സൈസ് സി.ഐ ടി.അനികുമാർ പറഞ്ഞു.നേരത്തെ ഓൺലൈനായി ഓർഡർ നൽകുന്നവർക്ക് എത്തിച്ചുകൊടുക്കുന്നതാണ് പതിവ്. റെയ്ഡ് നടക്കുമ്പോൾ വീട്ടിലില്ലാതിരുന്നതിനാൽ ലിൻഡയെ അറസ്റ്റ് ചെയ്യാനായില്ല.