നെയ്യാറ്റിൻകര : പ്രളയദുരന്തത്തിന്റെ ഓർമ്മകൾക്ക് അവധി നൽകി തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിന് നെയ്യാറ്റിൻകരയിൽ തിരശീല ഉയർന്നു. നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയർസെക്കൻ‌ഡറി സ്കൂൾ പ്രധാന വേദിയാക്കി മറ്റ് 16 വേദികളിലായാണ് മത്സരങ്ങൾ രാവിലെ ആരംഭിച്ചത്. ടൗണിൽ ഏതാണ്ട് അരകിലോമീറ്റർ ചുറ്റളവിലായാണ് വേദികൾ ക്രമീകരിച്ചിട്ടുള്ളത്. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ എച്ച്.എസ്.വിഭാഗം തിരുവാതിരയും നാടോടി നൃത്തവും തുടങ്ങി. ഇന്നും നാളെയുമായി കലോത്സവം നടക്കും. വിളംബര ഘോഷയാത്രയും ഉദ്ഘാടനസമ്മേളനവും സമാപനസമ്മേളനവും ഇത്തവണയില്ല. വിജയികൾക്ക് സർട്ടിഫിക്ക​റ്റുകൾ വിതരണം ചെയ്യും. മത്സര ഇനങ്ങളുടെ എണ്ണത്തിൽ മാറ്റമില്ല. നഗരത്തിലെ മിക്ക ലോഡ്ജുകളിലും രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ഇന്നലെ മുതൽ താമസം തുടങ്ങി. ടൗണിലെ അരകിലോ മീറ്റർ ചുറ്റളവിൽ ക്രമീകരിച്ചിരിക്കുന്ന വിവിധ വേദികളിൽ എത്തിച്ചേരുവാൻ മത്സരാർത്ഥികൾ നന്നേ കുഴങ്ങിയേക്കും. മത്സരാർത്ഥികളെ ദൂരെയുള്ള വേദികളിൽ എത്തിക്കുവാനായി അധികൃതർ യാതൊരു സംവിധാവും ഒരുക്കിയിട്ടില്ല എന്ന് ആക്ഷേപമുണ്ട്. ഏതാണ്ട് നാലായിരത്തിലേറെ മത്സരാർത്ഥികളാണ് ഇന്നും നാളേയുമായി നെയ്യാറ്റിൻകരയിലെത്തുന്നത്. ഇവർക്കായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഭക്ഷണം ഒരുക്കിയിട്ടുള്ളത്.മാവിളക്കടവ് സ്വദേശി ആന്റണിയാണ് പാചകത്തിന് നേതൃത്വം നൽകുന്നത്.