പയ്യന്നൂർ: വാഹന പരിശോധനയ്ക്കിടയിൽ എസ്.ഐ ഉൾപ്പെട്ട പൊലീസ് സംഘത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രി 9.30ഓടെ എട്ടിക്കുളത്താണ് സംഭവം. പരിക്കേറ്റ പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ കെ.പി. ഷൈൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സെയ്തു, സിവിൽ പൊലീസ് ഓഫീസർമാരായ മധു, പ്രമോദ് എന്നിവർ പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.
എട്ടിക്കുളം പുഞ്ചിരി മുക്കിലെ താഹിറാ മൻസിലിൽ ഹംസയുടെ മകൻ കെ.ഹംസാസി നെയാണ് (24) അറസ്റ്റ് ചെയ്തത്.
അക്രമിസംഘത്തിലെ മറ്റ് ആറ് പേർ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എട്ടിക്കുളത്ത് വച്ച് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് വാഹനത്തിലെത്തിയ അഞ്ചു പേരും സ്ഥലത്തുണ്ടായിരുന്ന രണ്ടു പേരും ചേർന്ന് പൊലീസിന് നേരെ ആക്രമം നടത്തിയത്. സംശയകരമായ വാഹനം തടഞ്ഞു പൊലീസ് പരിശോധന നടത്താൻ തുനിഞ്ഞപ്പോഴാണ് ഇവർ പൊലീസിന് നേരെതിരിഞ്ഞത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.