ajesh-hs

കൊച്ചി : ഒരു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് എക്‌സൈസ് പിടിയിൽ. ഇടുക്കി ഉടുമ്പൻചോല സ്വദേശി അജേഷ് (30) ആണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്കുള്ള ലഹരി കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ. എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ.എസ്.രഞ്ജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ആലുവയിൽ വച്ചാണ് അജേഷിനെ പിടികൂടിയത്. 1.184 കിലോ ഗ്രം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.

പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ചാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. ഇടുക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘത്തിന് ഹാഷിഷ് ഓയിൽ കൈമാറാനാണ് ഇയാൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. മാഫിയ സംഘത്തെക്കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

അജേഷിന്റെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം ആലുവയിലെത്തിയ ശേഷം ഇടുക്കിക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിനിടെയാണ് എ്കസൈസിന്റെ പിടി വീണത്. ഇടുക്കിയിൽ നിന്നും ചേക്കേറിയ കഞ്ചാവ് കൃഷിക്കാരാണ് ആന്ധ്രയിലെ ലഹരി മാഫിയയുടെ തലപ്പത്ത്. കേരളത്തിൽ എത്തിക്കുന്ന ഹാഷിഷ് ഓയിൽ പ്രധാനമായും മലേഷ്യയിലേക്കാണ് കയറ്റി അയക്കുന്നത്.

ആന്ധ്രയി

ൽ 10 ലക്ഷം രൂപയാണ് ഒരു ലിറ്റർ ഹാഷിഷ് ഓയിലിന്റെ വില. കേരളത്തിൽ എത്തുമ്പോൾ 30 ലക്ഷമാകും. വിദേശ ലഹരി മാർക്കറ്റിൽ ഒരു കോടി രൂപയാണ് വില. മലേഷ്യയ്ക്ക് പുറമെ അറേബ്യൻ രാജ്യങ്ങളിലേക്കും ഹാഷിഷ് ഓയിൽ കടത്തുണ്ട്. അജേഷ് മുമ്പും ഹാഷിഷ് ഓയിൽ കടത്തിയിട്ടുണ്ടെന്നാണ് എക്‌സൈസ് സംശയിക്കുന്നത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.എ. അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 മുറിയെടുക്കും ഹാഷിഷ് കൊണ്ടുവരും

ആന്ധ്രയിൽ എത്തി ലഹരി മാഫിയ നിർദ്ദേശിക്കുന്ന ലോഡ്ജിൽ മുറിയെടുക്കുകയാണ് അദ്യം ചെയ്യുന്നത്. ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോൾ മാഫിയ സംഘത്തിലെ ഒരാളെത്തി ഹാഷിഷ് ഓയിൽ കൈമാറും. സിനിമാ സ്റ്റൈലിലാണ് ഇടപാട്. പിന്നീട്, റൂം ഒഴിഞ്ഞ് ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിലുമായി കേരളത്തിലേക്ക് തിരിക്കും. നേരത്തെ അതിർത്തിയിലെ ഇട റോഡുകളിലൂടെയാണ് ലഹരി കേരളത്തിലേക്ക് കടത്തിയിരുന്നത്. എന്നാൽ, പരിശോധന ശക്തമാക്കിയതോടെ കടത്ത് ട്രെയിൻ മാർഗത്തിലേക്ക് മാറ്റി. കമ്പം കേന്ദ്രീകരിച്ചാണ് മാഫിയ സംഘം പ്രവർത്തിക്കുന്നത്. ഇടുക്കിയിൽ എത്തിക്കുന്ന ഹാഷിഷ് ഓയിലും മറ്റ് ലഹരികളും പിന്നീട് കമ്പത്തേക്ക് എത്തിക്കും. ഇവിടെ നിന്നാണ് വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത്.