തിരുവനന്തപുരം:കല്ലിയൂരിൽ ബി.ജെ.പിയുടെ വനിതാ പഞ്ചായത്തംഗത്തെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മർദ്ദിച്ചു. കല്ലിയൂർ പഞ്ചായത്തിലെ കുഴിതാലച്ചൽ വാർ‌ഡംഗം രാജലക്ഷ്മിക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി കാക്കാമൂലയിൽ വച്ചായിരുന്നു സംഭവം.

ബി.ജെ.പി ഗ്രാമ പഞ്ചായത്തംഗങ്ങളുടെ യോഗത്തിൽ പങ്കെടുത്തശേഷം തെറ്റിവിളയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ ബൈക്കിൽ പിന്തുടർന്നെത്തിയ ഹെൽമറ്റ് ധാരികളായ രണ്ടംഗ സംഘം ഇവരുടെ സ്കൂട്ടറിന് കുറുകെ നിർത്തിയശേഷം മർദ്ദിക്കുകയായിരുന്നു. ഇവരുടെ തോളിൽ ഇടിച്ചശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു. സംഭവം പൊലീസിലും പാർട്ടിനേതാക്കളെയും ധരിപ്പിച്ച രാജലക്ഷ്മി ശാന്തിവിള ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ നിരീക്ഷണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാവിലെ ആശുപത്രി വിട്ടു.

ഹെൽമറ്റ് ധാരികളായിരുന്നതിനാൽ അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി നേമം പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കാക്കമൂല മുതൽ പെരിങ്ങമല വരെ ഇന്ന് വൈകിട്ട് 6ന് പ്രതിഷേധ പ്രകടനം നടത്തും.