കൊല്ലം: പത്തനാപുരത്ത് 90 പവന്റെ ആഭരണങ്ങളും 25,000 രൂപയും കവർന്ന സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കൊല്ലം റൂറൽ എസ്.പി അശോക് കുമാറിന്റെ മേൽനോട്ടത്തിൽ പുനലൂർ ഡിവൈ.എസ്.പി എം.അനിൽകുമാറിനാണ് അന്വേഷണ ചുമതല. പത്തനാപുരം സി.ഐ അൻവറും എസ്.പിയുടെ ഷാഡോ അംഗങ്ങളും ടീമിലുണ്ട്. പ്രതികളെ സംബന്ധിച്ച് നിർണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ലഭ്യമായ വിരലടയാളങ്ങൾ ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസിന്റെ പക്കലുള്ള സ്ഥിരം മോഷ്‌ടാക്കളുടേതല്ല വിരലടയാളം എന്ന് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഫിംഗർ പ്രിന്റ് ബ്യൂറോകൾ ഈ വിരലടയാളങ്ങൾ വിശകലനം ചെയ്യുന്ന ജോലിയിലാണ്. ഇന്ന് വൈകിട്ടോടെ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.