1

വിഴിഞ്ഞം: മൂന്നുവർഷമായി പുതിയ വാർഫിൽ തുടരുന്ന മുംബയ് ടഗ്ഗ് ബ്രഹ്മേക്ഷര ഇന്നലെ പുലർച്ചയോടെ മുങ്ങി. ടഗ്ഗിൽ സൂക്ഷിച്ചിരുന്ന ഡീസൽ കടലിൽ പരന്നു. sഗ്ഗിന്റെ അടിഭാഗം പൊട്ടിയാണ് ഇന്ധനം ചോർന്നത്.

കടലിൽ പരന്ന എണ്ണപ്പാട നീക്കുന്നതിന് ഇപ്പോൾ ശ്രമം നടക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ സ്ഥലത്തെത്തി നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് തുറമുഖ വകുപ്പിന്റെയും തീരസംരക്ഷണസേനയുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ ടഗ്ഗിലെ ചോർച്ച അടച്ചു. 4000 ലിറ്റർ ഡീസലാണ് ടഗ്ഗിൽ ഉണ്ടായിരുന്നത്. ഇതിൽ എത്ര ലിറ്റർ ചോർന്നെന്ന് കണ്ടെത്താനായിട്ടില്ല. ടഗ്ഗിൽ നിന്നു വീണ്ടും ചോർച്ച ഉണ്ടായാൽ അടയ്ക്കാൻ കൊച്ചിയിൽ നിന്നു പോർട്ട് ട്രസ്റ്റിന്റെ ആധുനിക ബൂം കൊണ്ടുവരേണ്ടി വരും. sഗ്ഗിൽ അവശേഷിക്കുന്ന ഇന്ധനം നീക്കം ചെയ്യുന്നതിനും ഉയർത്തുന്നതിനും പോർട്ട് ട്രസ്റ്റ് അധികൃതരുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

ടഗ്ഗിനെ ബന്ധിച്ചിരുന്ന വടം പൊട്ടിയതാണ് മുങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. ഇതിനു സമീപം കെട്ടിയിട്ടിരുന്ന കോസ്റ്റൽ പൊലീസിന്റെ ശീതീകരണ സംവിധാനമുള്ള ബോട്ടും മുങ്ങി. അടുത്ത മാസത്തോടെ ലേലം ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരവെയാണ് ടഗ്ഗ് മുങ്ങിയത്.

2015ൽ തൂത്തുക്കുടിയിൽ കല്ല് കയറ്റി മാലിയിൽ എത്തിച്ച ശേഷം തിരികെ മടങ്ങവെ പാറയിൽ തട്ടി ഇന്ധന ചോർച്ച ഉണ്ടായതിനെ തുടർന്ന് അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞത്തെ പുതിയ വാർഫിൽ ടഗ്ഗ് അടുപ്പിക്കുകയായിരുന്നു. ബാങ്കിൽ നിന്നു 10 കോടിയിലധികം രൂപ വായ്‌പ എടുത്തവകയിലും ശമ്പളം നൽകാത്തതിനെ തുടർന്ന് ജീവനക്കാർ നൽകിയ കേസും ടഗ്ഗിനെതിരെ നിലവിലുണ്ട്. കടൽക്ഷോഭത്തിൽ ടഗ്ഗ് ബന്ധിച്ചിരുന്ന വാർഫിൽ ഇടിച്ച് കേടുപാടുകളുണ്ടായി. ഈ ഇനത്തിലും വാർഫ് വാടക ഇനത്തിലും തുറമുഖ വകുപ്പിന് നല്ലൊരു തുക ലഭിക്കാനുണ്ട്.