hitha
ഹിത

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരിയെ ഗാന്ധാരി അമ്മൻകോവിലിന് സമീപത്തെ സെക്രട്ടേറിയറ്റ് എംപ്ലോയിസ് സൊസൈറ്റി ലേഡീസ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.റവന്യൂ ഡിപ്പാർട്ട്മെന്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായ കണ്ണൂർ കണ്ണപുരം സ്വദേശിനി ഹിതയെയാണ് (39)മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ ഭക്ഷണം കഴിക്കാൻ എത്താത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കാണുന്നത്.കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ സഹോദരിയുടെ മകളായ ഹിതയുടേത് സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ നിയമനമായിരുന്നു.2013-ൽ സർവീസിൽ കയറിയ ഇവർ കണ്ണൂരിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങിയിരുന്നു.2016ൽ എൽ.ഡി.എഫ് സർക്കാർ വന്നതിന് ശേഷമാണ് ഡെപ്യുട്ടേഷൻ റദ്ദാക്കി വീണ്ടും തിരുവനന്തപുരത്തെത്തുന്നത്.തുടർന്ന് കഴിഞ്ഞ കുറച്ചുകാലമായി കണ്ണൂരിലേക്ക് വീണ്ടും ഡെപ്യൂട്ടേഷന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.കഴിഞ്ഞ ദിവസവും ഇതുമായി ബന്ധപ്പെട്ട കത്ത് സെക്രട്ടേറിയറ്റ് സർവീസ് സെന്ററിന് സമർപ്പിച്ചിരുന്നുവെന്നും, രാഷ്ട്രീയ കാരണങ്ങളാലാണ് സർക്കാർ ഡെപ്യുട്ടേഷൻ നിഷേധിച്ചതെന്നും സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ ആരോപിച്ചു. ഡെപ്യൂട്ടേഷൻ ലഭിക്കാത്തതിനാൽ ഹിതയ്ക്ക് മനോവിഷമം ഉണ്ടായിരുന്നെങ്കിലും അത് കാരണം ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. സർക്കാർ സ്കൂൾ ജീവനക്കാരനായ തലശേരി വടക്കുമ്പാട് സ്വദേശി ശ്രീജേഷാണ് ഭർത്താവ്.മൂന്ന് വർഷമേ ആയുള്ളു ഹിതയുടെ വിവാഹം കഴിഞ്ഞിട്ട്. ഇവർക്ക് കുട്ടികളില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടു പോയി. സംസ്കാരം ഇന്ന് രാവിലെ വീടിന് സമീപത്തുള്ള പൊതുശ്മശാനത്തിൽ നടക്കും.