ശബരിമല: പ്രതീക്ഷകളുടെ വമ്പൻ കെട്ടുമായാണ് ബാലരാമപുരം സ്വദേശി ശ്രീകുമാർ സന്നിധാനത്തെത്തിയത്. പ്രതീക്ഷകൾ സഞ്ചിയിലാക്കി സ്ഥലം വിടുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചിന്ത. കരാറെടുത്ത സഞ്ചിക്കച്ചവടം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്.
ശബരിമലയിൽ 12 വർഷമായി പലവിധ കരാറുകൾ എടുത്താണ് ശ്രീകുമാർ കുടുംബം പോറ്റുന്നത്. മൂന്ന് തവണ സഞ്ചിവില്പനയുടെ കരാറെടുത്തപ്പോഴും നല്ല ലാഭം കിട്ടി. ആദ്യം പ്ളാസ്റ്രിക്കും പിന്നെ നൈലോൺ സഞ്ചികളുമായിരുന്നു. പ്ളാസ്റ്റിക് നിരോധനം കാരണം ഇക്കുറി തുണിസഞ്ചിയാണ് എത്തിച്ചത്. അതിൽ മുക്കാൽ പങ്കും ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. ഒരു ദിവസം 7000 സഞ്ചികൾ വരെ വിറ്രിരുന്ന സ്ഥാനത്ത് 12 ദിവസത്തിനുള്ളിൽ, വില്പന 1000 കടന്നത് കഴിഞ്ഞ തിങ്കളാഴ്ച മാത്രം. വരുംദിവസങ്ങളിലെങ്കിലും വില്പന മെച്ചമായില്ലെങ്കിൽ വലിയ കടബാദ്ധ്യത സഞ്ചിയിലാക്കിയാവും മടക്കം. ഇത് ശ്രീകുമാറിന്റെ മാത്രം കഥയല്ല, വിവിധ സാധനങ്ങൾ വില്ക്കാൻ കരാറെടുത്ത മിക്കവരുടെയും അവസ്ഥയാണ്.
അരവണ വില്പനയിലുണ്ടായ ഇടിവിന്റെ തുടർച്ചയാണ് ഈ മാന്ദ്യം. നേരത്തേ പ്ളാസ്റ്റിക് ടിന്നുകളിൽ വിതരണം ചെയ്തിരുന്ന അരവണയും പായ്ക്കറ്റിൽ കിട്ടിയിരുന്ന അപ്പവും കൂടുതൽ വാങ്ങുന്നവർ പ്ളാസ്റ്റിക് സഞ്ചികളിലാക്കിയാണ് കൊണ്ടുപോയിരുന്നത്. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി അപ്പവും അരവണയും വാങ്ങാറ്. അവരുടെ ഒഴുക്കു നിലച്ചതാണ് പ്രധാന കാരണം. പ്ളാസ്റ്റിക് നിരോധിച്ചതോടെ അലുമിനിയം ടിന്നുകളിലായി അരവണ വിതരണം. അതും 10 ടിന്നുകൾ ഒറ്റ പേപ്പർ ബോക്സിലാക്കിയാണ് നൽകുന്നത്. സഞ്ചികളുടെ ആവശ്യം കുറയ്ക്കാൻ ഇതും കാരണമായി.
നിർമ്മാണ ശാലകൾക്ക് കൂടുതൽ സഞ്ചിക്കുള്ള ഓർഡർ നൽകി പണമടച്ചിരുന്നു. പണം തിരിച്ചുകിട്ടില്ല. ശബരിമല അയ്യപ്പന്റെ ചിത്രം അച്ചടിച്ചിട്ടുള്ളതിനാൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാവില്ല.
"ലാഭം പ്രതീക്ഷിച്ചാണ് കരാറെടുത്തത്. ഇപ്പോൾ ലാഭവുമില്ല, മുതലുമില്ല. കഴിഞ്ഞ സീസണിൽ 40 ഓളം ജോലിക്കാരുണ്ടായിരുന്നു. ഇന്നലെ ഉണ്ടായിരുന്നത് 10 പേർ. ഒരു സഞ്ചിക്ക് നിശ്ചിത തുക കമ്മിഷൻ അടിസ്ഥാനത്തിലാണ് നൽകുന്നത്. 100 സഞ്ചിയെങ്കിലും വിറ്റാൽ നല്ലൊരു തുക കിട്ടും. ഇപ്പോൾ വില്പനക്കാരാവാൻ ആർക്കും താത്പര്യമില്ല.
- ശ്രീകുമാർ (കരാറുകാരൻ)